തിരുവനന്തപുരം : പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. എം എസ് സൊല്യൂഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ച എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. എം.എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലില്‍ ക്ലാസുകള്‍ തയ്യാറാക്കാനായി സഹകരിച്ചിരുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എം എസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നല്‍കിയ സ്‌കൂള്‍ അധികൃതരുടെയും മൊഴി അന്വേഷണ സംഘമെടുത്തു. എം എസ് സൊല്യൂഷ്യനെ കുറിച്ചുള്ള പരാതി മാത്രമാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്.
എസ്എസ്എല്‍സിയുടെയും പ്‌ളസ് വണിന്റെയും ചോദ്യപേപ്പറുകളാണ് തലേ ദിവസം യൂട്യൂബ് ചാനലുകള്‍ ചോര്‍ത്തി നല്‍കിയത്. ഏറ്റവും അധികം ചോദ്യങ്ങള്‍ വന്ന എംഎസ് സൊല്യഷന്‍സ് ആണ് സംശയനിഴലിലായത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണം ഉയര്‍ന്നതിന് പിന്നലെ പ്രവര്‍ത്തനം തത്കാലികമായി നിര്‍ത്തി വെച്ച എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ കഴിഞ്ഞ ദിവസം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എസ് എസ് എല്‍ സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യം പ്രവചിച്ചുകൊണ്ടുള്ള ലൈവ് ക്ലാസ് സ്ഥാപനത്തിന്റെ സി ഇ ഒ ശുഹൈബാണ്എടുത്തത്. ഈ ക്ലാസില്‍ പ്രവചിച്ച പാഠ ഭാഗങ്ങളില്‍ നിന്നുള്ള 32 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പരീക്ഷയില്‍ വന്നുവെന്ന് കെ എസ് യു ആരോപിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തി പുതിയ രീതിയില്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്നും കെ എസ് യു ആരോപിച്ചു.
59 1 minute read