BREAKINGNATIONAL

ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം; നഴ്‌സ് സബീനക്ക് ധീരതക്കുള്ള കല്‍പന ചൗള പുരസ്‌കാരം പ്രഖ്യാപിച്ച് തമിഴ്‌നാട്

ചെന്നൈ: വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ നഴ്‌സ് എ സബീനയ്ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ആദരം. തമിഴ്‌നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്‌കാരം നല്‍കിയാണ് തമിഴ്‌നാട് ആദരിക്കുന്നത്. കല്‍പന ചൗള പുരസ്‌കാരം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സബീനയ്ക്ക് സമ്മാനിക്കും.
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യ ദിനത്തില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുകളിലൂടെ സിപ് ലൈനില്‍ തൂങ്ങി മറുകരയിലെത്തിയ സബീന പരിക്കേറ്റ 35ഓളം പേര്‍ക്കാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. സിപ് ലൈനിലൂടെ മെഡിക്കല്‍ കിറ്റുമായി ആത്മധൈര്യത്തോടെ പുഴ കടന്ന് വെല്ലുവിളികളെ അതിജീവിച്ച് ദുരന്തബാധിതരെ പരിചരിച്ചതിനാണ് ആദരം. ആരോഗ്യ മന്ത്രിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി (എസ്.ടിഎസ്.എച്ച്) ഹെല്‍ത്ത് കെയര്‍ ആതുര സേവന വളണ്ടിയര്‍ വിഭാഗത്തിലെ നഴ്‌സാണ് സബീന. ഉരുള്‍പൊട്ടലുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയ എസ്ടിഎസ്എച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം സബീനയും ഉണ്ടായിരുന്നു. മെഡിക്കല്‍ കിറ്റുമായി മറുകരയിലേക്ക് പോകാന്‍ പുരുഷ നഴ്‌സുമാരെ അന്വേഷിച്ചെങ്കിലും ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് സബീന മറുകരയിലേക്ക് പോകാന്‍ തയ്യാറായത്.
വടത്തില്‍ തൂങ്ങി സബീന മറുകരയിലെത്തിയത് പിന്നീട് ദുരന്തമുഖത്ത് എത്തിയ ഡോക്ടര്‍മാര്‍ക്കും പുരുഷ നഴ്‌സുമാര്‍ക്കും മറുകരയിലേക്ക് പോകുന്നതിന് ധൈര്യം പകരുകയും ചെയ്തു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയ്കുള്ള പാലം തകര്‍ന്നതോടെയാണ് വടത്തില്‍ തൂങ്ങി മറുകരയിലേക്ക് പോകേണ്ട സാഹചര്യമുണ്ടായത്. സബീനയുടെ രക്ഷാപ്രവര്‍ത്തനത്തിന് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കയ്യടി നേടിയിരുന്നു.

Related Articles

Back to top button