BREAKINGKERALA
Trending

ജോലിക്കെത്താത്ത 36 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം : അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. 33 ഡോക്ടര്‍മാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് നീക്കംചെയ്തത്. നോട്ടീസിനോട് പ്രതികരിക്കാത്ത 17 ഡോക്ടര്‍മാരുടെ പേരില്‍കൂടി അടുത്തയാഴ്ചയോടെ നടപടി വന്നേക്കും. കാരണംകാണിക്കല്‍ നോട്ടീസിനോടുംപോലും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടല്‍. പലരും സ്വകാര്യമേഖലയിലോ വിദേശത്തോ ജോലി തേടിപ്പോയതാകാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍മാത്രം 600 ഡോക്ടര്‍മാര്‍ അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ഡോ. കെ.ജെ. റീന പറഞ്ഞു. 2008 മുതല്‍ സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവരെയാണ് പുറത്താക്കിയത്.
ഡോക്ടര്‍മാര്‍ അടക്കം 337 പേരാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. 291 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പി.എസ്.സി, അഡൈ്വസ്ചെയ്ത 114 പേര്‍ക്ക് ആരോഗ്യഡയറക്ടര്‍ കഴിഞ്ഞദിവസം നിയമന ഉത്തരവ് നല്‍കി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ 63,700-1,23,700 രൂപയാണ് ശമ്പളസ്‌കെയില്‍.

Related Articles

Back to top button