BREAKINGINTERNATIONAL

‘ട്രംപ് വിജയിക്കുകയാണെങ്കില്‍ മുഴുവന്‍ സമയവും പ്രഥമ വനിതയാകില്ല’; തിരക്കുകള്‍ ബോധിപ്പിച്ച് മെലാനിയ

വാഷിംങ്ടണ്‍: നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളുടെ തിരക്കിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. ട്രംപ് പ്രസിഡന്റാകുകയാണെങ്കില്‍ പ്രഥമ വനിതയുടെ ചുമതലകള്‍ ഭാര്യ മെലാനിയ ട്രംപ് പൂര്‍ണമായും ഏറ്റെടുത്തേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ട്രംപുമായി മെലാനിയ സംസാരിച്ചുവെന്നും ഇരുവരും പരസ്പര ധാരണയിലെത്തിയതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപ് ജയിച്ചാല്‍ പ്രഥമ വനിതയുടെ മുഴുനീള ഡ്യൂട്ടി ഏറ്റെടുക്കില്ലെന്നാണ് മെലാനിയയുടെ നിലപാട്. 18-കാരനായ മകന്‍ ബാരണ്‍ ട്രംപിനൊപ്പം സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് അവര്‍ ഇത്തരമൊരു തീരുമാമെടുത്തത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു സര്‍വകലാശാലയില്‍ ബാരണ്‍ വൈകാതെ പഠനത്തിന് ചേരുമെന്നാണ് സൂചന. പുതിയ ജീവിതത്തോടും നഗരത്തോടും പൊരുത്തപ്പെടാന്‍ ബാരണിനെ സഹായിക്കാന്‍ മെലാനിയ ആഗ്രഹിക്കുന്നുണ്ട്. അതിനാലാണ് ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിച്ചതെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി മുതല്‍ മാസത്തില്‍ കുറച്ച് ദിവസങ്ങള്‍ ന്യൂയോര്‍ക്കില്‍ ചെലവഴിക്കാനും മെലാനിയ ആലോചിക്കുന്നുണ്ട്.
2017-ല്‍ ട്രംപ് പ്രസിഡന്റായതിന് പിന്നാലെ ബാരണിന്റെ പഠനകാര്യങ്ങള്‍ക്കായി വൈറ്റ് ഹൗസിലേക്ക് താമസം മാറ്റുന്നത് മെലാനിയ വൈകിപ്പിച്ചിരുന്നു. ആ സമയത്ത് ട്രംപിന്റെ മൂത്ത മകള്‍ ഇവാന്‍കയാണ് പ്രഥമ വനിതയുടെ ചുമതലകള്‍ ചെയ്തിരുന്നത്. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് 54-കാരിയായ മെലാനിയ. ഇവാന, മാര്‍ല മേപ്പിള്‍സ് എന്നിവരാണ് മുന്‍ ഭാര്യമാര്‍. ഈ ബന്ധങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക, എറിക്, ടിഫനി എന്നിങ്ങനെ നാല് മക്കള്‍ ട്രംപിനുണ്ട്.
സ്ലൊവേനിയന്‍ വംശജയായ മെലാനിയ മോഡലിങ്ങില്‍ കരിയര്‍ കെട്ടിപ്പടുക്കാനാണ് ന്യൂയോര്‍ക്കിലേക്ക് വന്നത്. 16-ാം വയസ് മുതല്‍ മോഡലിങ് ചെയ്യുന്ന അവര്‍ സ്പോര്‍ട്സ് ഇല്ലുസ്ട്രേറ്റഡ്, വാനിറ്റി ഫെയര്‍, വോഗ് തുടങ്ങിയ മാസികകള്‍ക്കുവേണ്ടി മോഡലായിട്ടുണ്ട്. 1998-ലാണ് മെലാനിയയും ട്രംപും കണ്ടുമുട്ടുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹിതരായി. 2006-ല്‍ ഇരുവര്‍ക്കും ബാരണ്‍ എന്ന മകന്‍ ജനിച്ചു.

Related Articles

Back to top button