തിരുവനന്തപുരം: ഭോപ്പാലില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ കായികതാരങ്ങള്‍ വിമാനത്തില്‍ പോകും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടാണ് ഇതിനുള്ള അവസരം ഒരുക്കിയത്. 20 കായിക താരങ്ങള്‍ക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേര്‍ക്കും വിമാന ടിക്കറ്റെടുക്കാന്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി നിര്‍ദേശം നല്‍കി.
നവംബര്‍ 17ന് ഭോപ്പാലില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ 20 കായിക താരങ്ങള്‍ക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേര്‍ക്കും തേര്‍ഡ് എ സി ടിക്കറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തു നല്‍കിയിരുന്നു. ടിക്കറ്റ് കണ്‍ഫേം ചെയ്യാന്‍ മന്ത്രിമാരുടെയും എംപിമാരുടെയും എമര്‍ജന്‍സി ക്വാട്ടയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മുഴുവന്‍ ടിക്കറ്റുകളും കണ്‍ഫേമായില്ല. ഇവരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ട്രെയിന്‍ ടിക്കറ്റ് ലഭിച്ചത്. എന്നാല്‍ രക്ഷിതാക്കള്‍ ഈ കുട്ടികളെ ഒറ്റയ്ക്ക് ഭോപ്പാലിലേക്ക് ട്രെയിനില്‍ വിടാന്‍ തയ്യാറായില്ല. ടിക്കറ്റ് കിട്ടാതെ 20 താരങ്ങളും ടീം ഒഫീഷ്യല്‍സും എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നത് വാര്‍ത്തയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്. കായികതാരങ്ങള്‍ക്ക് മന്ത്രി വിജയാശംസകള്‍ നേര്‍ന്നു.