ട്രെയിനില്‍ നിലത്തിരുന്ന് യാത്ര ചെയ്യുന്ന വധുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വിവാദം. നിരവധി പേര്‍ ഈ ചിത്രം പങ്കുവച്ച് ഇന്ത്യന്‍ റെയില്‍വെയെയും റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനെയും ടാഗ് ചെയ്തതോടെ ചിത്രത്തിന് രാഷ്ട്രീയ നിറം കൈവരികയും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചേരി തിരിഞ്ഞ് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ചില എക്‌സ് സമൂഹ മാധ്യമ ഇന്റഫ്‌ലുവന്‍സര്‍മാര്‍ ചിത്രം പങ്കുവച്ച് കൊണ്ട് മാതാപിതാക്കളോട് നിങ്ങളുടെ മകളെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് വിവാഹം കഴിച്ച് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ചിലര്‍ ഈ കുറിപ്പുകളെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇന്ത്യന്‍ റെയില്‍വേയ്‌ക്കെതിരെ രംഗത്തെത്തി.
ഇതിനിടെ ചിത്രം പങ്കുവച്ച് കൊണ്ട് ജിതേഷ് എന്ന എക്‌സ് സമൂഹ മാധ്യമ ഉപയോക്താവ് ഇങ്ങനെ എഴുതി. ‘നന്ദി, അശ്വനി വൈഷ്ണവ് ജി. നിങ്ങള്‍ കാരണം എന്റെ ഭാര്യയ്ക്ക് ഈ ലോകോത്തര ട്രെയിന്‍ സൗകര്യം ലഭിച്ചു. ഞാന്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.’ ഇതോടെ ചിത്രം വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. നിരവധി പേര്‍ ചിത്രം പങ്കുവച്ച് റെയില്‍വെയേയും മന്ത്രിയെയും ടാഗ് ചെയ്തതോടെ റെയില്‍വേ സേന മറുപടിയുമായി എത്തി. പിന്നീടാണ് ചിത്രത്തെ സംബന്ധിച്ച വിവാദം ശക്തമായത്. യാത്രയുടെ വിശദാംശങ്ങള്‍ കൈമാറാനായിരുന്നു റെയില്‍വേ സേന ആവശ്യപ്പെട്ടത്. പിഎന്‍ആര്‍ നമ്പറും ട്രെയിന്‍ നമ്പറും തന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും തുടര്‍ നടപടികള്‍ വേഗത്തിലാക്കാനും കഴിയുമെന്ന് റെയില്‍വേ സേന പല തവണ അറിയിച്ചു. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ ജിതേഷ് തയ്യാറായില്ല. ഇത് ചിത്രത്തെ കൂടുതല്‍ വിവാദത്തിലേക്ക് നയിച്ചു.
ചിലര്‍ ചിത്രം വെറും പബ്ലിക്ക് സ്റ്റണ്ടാണെന്ന് കുറിച്ചു. മറ്റ് ചിലര്‍ ജിതേഷ് വിവരങ്ങള്‍ പങ്കിവച്ചില്ലെന്നും അദ്ദേഹത്തിന്റെ ലക്ഷ്യം വെറും വിവാദം മാത്രമാണെന്നും എഴുതി. ‘നിങ്ങള്‍ എന്തൊരു നിരുത്തരവാദിത്വമുള്ള ആളാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യയ്ക്കും മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. നിങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയ്ക്ക് മന്ത്രാലയത്തെ കുറ്റപ്പെടുത്തുന്നു. പരാജിതന്‍,’ ഒരു കാഴ്ചക്കാരന്‍ അല്പം രൂക്ഷമായി പ്രതികരിച്ചു. ‘ട്വീറ്റ് ചെയ്തത് വ്യാജ വാര്‍ത്തയാണ്, അയാള്‍ അന്വേഷണം ആഗ്രഹിക്കുന്നില്ല. അവനെ ബാറുകള്‍ക്ക് പിന്നിലേക്ക് കൊണ്ടുവരിക.’ മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ‘ഈ റെയില്‍വേ സേവക്കാരെ എനിക്ക് മനസ്സിലാകുന്നില്ല. റെയില്‍വേ ടീമുമായി ബന്ധപ്പെട്ട അസൗകര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും പങ്കുവയ്ക്കപ്പെട്ടാല്‍ വിശദാംശങ്ങള്‍ മാത്രം ചോദിച്ച് കൊണ്ടിരിക്കും. ഒരു നടപടിയും ഒരിക്കലും ഉണ്ടാകില്ല. വെറും ഉറപ്പുകള്‍ മാത്രം. ഇതുപോലൊരു പാഴ് സംഘം.’ എന്നായിരുന്നു മറ്റൊരു കുറിപ്പ്.
64 1 minute read