ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മര്‍ലേനയെ ആം ആദ്മി പാര്‍ട്ടി നിര്‍ദേശിച്ചു കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷിയെ മുഖ്യമന്ത്രിയാക്കാന്‍ നിയമസഭാ കക്ഷിയോഗം ഐക്യകണ്ഠമായാണ് തീരുമാനിച്ചത്. 11 വര്‍ഷത്തിനിപ്പുറമാണ് അരവിന്ദ് കെജ്‌രിവാളിനു ശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി. അരവിന്ദിന് പകരം അതിഷി തന്നെയെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകയായി തുടങ്ങി മനീഷ് സിസോദിയയുടെ ഉപദേശകയായി, പിന്നീടൊരു പ്രതിസന്ധി ഘട്ടത്തില്‍ ആം ആദ്മിക്ക് വേണ്ടി ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച അതിഷിയില്‍ കെജ്‌രിവാള്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിഷിയുടെ പേര് നിര്‍ദേശിച്ചതും അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. മനീഷ് സിസോദിയയ്ക്ക് പിന്നാലെ കെജ്‌രിവാളും അറസ്റ്റിലായതോടെ പാര്‍ട്ടിയേയും സര്‍ക്കാരിനെയും നയിക്കാന്‍ ആരെന്ന വലിയ പ്രതിസന്ധി ഉയര്‍ന്നു വന്നു. സധൈര്യം ഈ ദൗത്യം ഏറ്റെടുത്തത് അതിഷിയും സൗരഭ് ഭരത്‌രാജും ചേര്‍ന്നായിരുന്നു. ജൂണില്‍ ദേശീയ തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരമിരുന്ന അതിഷി വന്‍ ജനസമ്മതി നേടിയിരുന്നു.