BREAKINGKERALA

ഡിജിപി നിധിന്‍ അഗര്‍വാള്‍ തിരിച്ചെത്തുന്നു; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിക്ക് കളമൊരുങ്ങി

തിരുവനന്തപുരം: ഡിജിപി നിധിന്‍ അഗര്‍വാള്‍ ഈ മാസം കേരളത്തിലേക്ക് തിരിച്ചെത്തുമെന്നുറപ്പായതോടെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിക്ക് കളമൊരുങ്ങി. ബിഎസ്എഫ് ഡയറക്ടര്‍ ആയിരുന്ന നിധിന്‍ അഗര്‍വാളിന്റെ സേവനം കേന്ദ്രം അവസാനിപ്പിച്ച് കേരളത്തിലേക്ക് അയച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അവധിയിലാണ്. ഈ മാസം പകുതിയോടെ അവധി തീരും. നിധിന്‍ അഗര്‍വാള്‍ കേരളത്തിലെത്തുമ്പോള്‍ അദ്ദേഹമാകും ഏറ്റവും സീനിയര്‍ ഡിജിപി.
നിലവില്‍, സംസ്ഥാന പൊലീസ് മേധാവിയെക്കാളും സീനിയറാണ് ഫയര്‍ഫോഴ്‌സ് ഡിജിപി കെ.പത്മകുമാര്‍. അദ്ദേഹത്തെക്കാളും സീനിയറാണ് നിധിന്‍ അഗര്‍വാള്‍. ഇതോടെ നിധിന് സ്വതന്ത്ര ചുമതലതന്നെ നല്‍കേണ്ടിവരും. അങ്ങനെ വന്നാല്‍ ജയില്‍ മേധാവിയായി നിയമിക്കാനാണ് സാധ്യത. നിലവില്‍ 4 ഡിജിപി തസ്തികയിലും ആളുണ്ട്. അതിനാല്‍ നിധിന്‍ അഗര്‍വാളിന് താല്‍ക്കാലിക ഡിജിപി തസ്തികയുണ്ടാക്കി നല്‍കേണ്ടിവരും. മനുഷ്യാവകാശ കമ്മിഷനിലെ ഡിജിപി തസ്തികയില്‍ സഞ്ജീവ് കുമാര്‍ പട്‌ജോഷി ഡിസംബറില്‍ വിരമിക്കുകയാണ്.
2025 ഏപ്രിലിലാണ് ഫയര്‍ഫോഴ്‌സ് ഡിജിപി കെ.പത്മകുമാര്‍ വിരമിക്കുന്നത്. നിലവിലുള്ള സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് അടുത്ത ജൂണില്‍ വിരമിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമാണ് നിലവിലെ സീനിയര്‍ എഡിജിപി. പത്മകുമാര്‍ വിരമിക്കുമ്പോള്‍ മനോജ് ഏബ്രഹാം ഡിജിപി പദവിയിലെത്തും. അതിനും ശേഷമാണ് എം.ആര്‍.അജിത്കുമാര്‍ ഡിജിപി പദവിയിലെത്തേണ്ടിയിരുന്നത്. നിലവിലുള്ള വിവാദങ്ങളും വിജിലന്‍സ് കേസ് അന്വേഷണവും അദ്ദേഹത്തിന് തടസ്സമായേക്കാം. ഇതോടെ, പിന്നാലെ സ്ഥാനക്കയറ്റം ലഭിക്കേണ്ട എഡിജിപി എസ്.ശ്രീജിത്ത് ഡിജിപി പദവിയിലെത്താം. നിലവില്‍ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി ആണ് ശ്രീജിത്ത്.
നിധിന്‍ അഗര്‍വാള്‍ ജയില്‍ മേധാവിയാകുകയാണെങ്കില്‍, നിലവില്‍ ആ തസ്തികയിലുള്ള എഡിജിപി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്ക് പകരം സ്ഥാനം നല്‍കേണ്ടിവരും. നിലവില്‍ പൊലീസ് അക്കാദമി (കെപ്പ) ഡയറക്ടര്‍, വിജിലന്‍സ് എഡിജിപി, കോസ്റ്റല്‍ എഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നീ പദവികളിലേക്ക് എഡിജിപിമാരെ നിയമിക്കാനുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്ന് ഈമാസം തിരിച്ചുവരേണ്ട എഡിജിപി ദിനേന്ദ്ര കശ്യപ് ഒരു വര്‍ഷം പഠനാവധിയെടുത്തതോടെ, 3 തസ്തികയില്‍ എഡിജിപിമാരില്ലാതെ ഒഴിഞ്ഞുകിടക്കും.
കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്പാല്‍ മീണ , പൊലീസ് ആസ്ഥാനത്തെ ഡിഐജി ജെ.ജയനാഥ് എന്നിവര്‍ക്ക് ഡിസംബറില്‍ ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കും. 4 എഎസ്പിമാര്‍ എസ്പിമാരാകുമ്പോള്‍ ജനുവരിയിലും പൊലീസ് തലപ്പത്ത് മാറ്റങ്ങള്‍ വരും.

Related Articles

Back to top button