BREAKINGKERALA
Trending

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാര്‍ഥി ചികിത്സയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. കുട്ടിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കള്‍ നിരീക്ഷണത്തിലാണ്.
സെപ്റ്റംബറിന്റെ തുടക്കത്തില്‍ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്ത് പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. ആദ്യംതന്നെ കൃത്യമായി രോഗനിര്‍ണയം നടത്തിയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കിയുമാണ് ഇത്രയുംപേരെ രക്ഷിക്കാന്‍ കഴിഞ്ഞത്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

Related Articles

Back to top button