arayതൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. ഡിജിപിക്ക് കൈമാറിയ എഡിജിപിയുടെ റിപ്പോര്‍ട്ടും, എഡിജിപിക്കെതിരായ കുറിപ്പും മുഖ്യമന്ത്രി ഇന്നലെ പരിശോധിച്ചിരുന്നു. എഡിജിപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഡിജിപിയുടെ കുറിപ്പിലുള്ളത്. ഇതുംകൂടി പരിഗണിച്ചാകും സര്‍ക്കാര്‍ നീക്കം. പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ സംശയാസ്പദ നീക്കമുണ്ടായെന്നാണ് എഡിജിപിയുടെ കണ്ടെത്തല്‍. വിശദമായ അന്വേഷണമാണ് സിപിഐയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. ഗൂഡാലോചന പുറത്തുവരാന്‍ വിശദമായ അന്വേഷണം ഡിജിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണമോ ക്രൈം ബ്രാഞ്ച് അന്വേഷണമോ സര്‍ക്കാറിന് പ്രഖ്യാപിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
പൂരത്തിന്റെ സമയത്ത് തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. സാധാരണ കീഴുദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അതേപടി ആഭ്യന്തര വകുപ്പിനു കൈമാറുകയാണ് ഡിജിപി ചെയ്തിരുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഡിജിപി വിശദമായി പരിശോധിച്ചു.
ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും എഡിജിപി 5 മാസം കാലതാമസം വരുത്തി. പൂരം നടത്തിപ്പിന് എസ്പിയും പരിചയസമ്പന്നരായ കീഴുദ്യോഗസ്ഥരും ചേര്‍ന്നു തയാറാക്കിയ ക്രമീകരണങ്ങളില്‍ അവസാനനിമിഷം മാറ്റം വരുത്തി. സംഭവം നിയന്ത്രണത്തിന് അപ്പുറമായിട്ടും തൃശൂര്‍ പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ലെന്നു ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണു സൂചന. മന്ത്രിമാര്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ അദ്ദേഹം തൃശൂരില്‍നിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു പോകുകയും ചെയ്തു.
66 1 minute read