തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇനിയും തുടങ്ങിയില്ല. ഈ മാസം 5ന് മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവിറങ്ങിയെങ്കിലും പ്രത്യേക സംഘത്തെ ഇതുവരെ തീരുമാനിച്ചില്ല. അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. സര്‍ക്കാര്‍ തന്നെ ചില ഉദ്യോഗസ്ഥരെ നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്. പൂരം അട്ടിമറിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിലും ആശയക്കുഴപ്പം തുടരുകയാണ്.
പൂരം കലക്കലില്‍ തൃതല അന്വേഷണത്തിനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കുമെന്നായിരുന്നു. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കുമെന്നും മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇന്റലിജന്‍സ് എഡിജിപി അന്വേഷിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മന്ത്രിസഭാ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യത്തില്‍ തീരുമാനിക്കാന്‍ ഡിജിപിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതില്‍ ആശയക്കുഴപ്പമാണെന്നാണ് പുറത്ത് വരുന്ന വിവരം.
65 Less than a minute