BREAKINGKERALA
Trending

തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹര്‍ജി; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാല്‍ നിര്‍ദേശം. സി.പി.ഐയുടെ യുവജന സംഘടന എ.ഐ.വൈ.എഫ് നേതാവ് എസ്.എസ്. ബിനോയിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കുകയായിരുന്നു. സുരേഷ് ഗോപി ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് ഹര്‍ജി. ശ്രീരാമ ഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായ എ.പി. അബ്ദുള്ളകുട്ടി വോട്ടുചോദിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. സുഹൃത്തുവഴി സുരേഷ് ഗോപി പെന്‍ഷന്‍ വാഗ്ദാനം ചെയ്തുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
രാജ്യസഭാ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍നിന്ന് ചിലര്‍ക്ക് പണം കൈമാറിയെന്നും ഹര്‍ജിയില്‍ പറയുന്നു. സാമൂഹികമാധ്യമ പോസ്റ്റുകളും ദൃശ്യങ്ങളും ഉള്‍പ്പെടെ രേഖകള്‍ ഹര്‍ജിയുടെ ഭാഗമായി സമര്‍പ്പിച്ചു.

Related Articles

Back to top button