BREAKINGKERALA
Trending

‘ദാന’ ചുഴലി പ്രഭാവം കേരളത്തിലും! 4 ജില്ലകളില്‍ അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട്; 7 ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ‘ദാന’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ വീണ്ടും അതിശക്ത മഴ. ഇത് പ്രകാരം രാത്രി പുറത്തിറക്കിയ അറിയിപ്പില്‍ 4 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അതിശക്ത മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച നിലവില്‍ ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തത്. വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. വിതുരയില്‍ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കും. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് വിതുര-പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. കാട്ടാക്കടയില്‍ കനത്ത മഴയില്‍ വീടിനുള്ളിലേക്ക് വെള്ളമിരച്ചു കയറി. കാട്ടാക്കട ചാരുപ്പാറ സ്വദേശി ഹരികുമാറിന്റെ വീട്ടിലേക്കാണ് വെള്ളം ഇരച്ചുകയറിയത്. വീട്ടിലെ സെപ്റ്റിക് ടാങ്ക് അടക്കം തകര്‍ന്നു. ഇതിനിടെ വിഴിഞ്ഞം തീരത്ത് കൗതുകമായി വാട്ടര്‍ സ്‌പോട്ട് എന്ന കടല്‍ ചുഴലിക്കാറ്റ് പ്രതിഭാസം ഉണ്ടായി. സാധാരണയായി കൊടുംകാറ്റും മഴയുമുള്ള ഘട്ടത്തില്‍ ഉള്‍ക്കടലില്‍ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ് വിഴിഞ്ഞത്ത് ദൃശ്യമായത്.

Related Articles

Back to top button