BREAKINGKERALA
Trending

ദിവ്യ എത്തിയതില്‍ കളക്ടര്‍ക്ക് പങ്ക്; നവീനെതിരേ മോശമായി സംസാരിച്ചപ്പോഴും തടഞ്ഞില്ല- വി.ഡി സതീശന്‍

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയതില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്ഷണിക്കപ്പെടാത്ത യോഗത്തിനെത്തിയ ദിവ്യയെ തടയേണ്ടിയിരുന്നത് കളക്ടറായിരുന്നുവെന്നും അദ്ദേഹം അത് ചെയ്തില്ലെന്നും സതീശന്‍ ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ജില്ലാ കളക്ടര്‍ക്ക് ഇതില്‍ പങ്കുണ്ട്. കാരണം അദ്ദേഹം നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവരുമ്പോള്‍ ഇത് ഞങ്ങളുടെ പ്രാദേശികമായ പരിപാടിയാണെന്ന് പറയേണ്ട ഉത്തരവാദിത്തം അയാള്‍ക്കുണ്ടായിരുന്നു. അടുത്തിരുന്ന് സ്ഥലംമാറ്റം കിട്ടി പോകുന്ന ഉദ്യോഗസ്ഥനെതിരേ മോശമായി സംസാരിക്കുമ്പോള്‍ ദയവുചെയ്ത് നിങ്ങള്‍ നിര്‍ത്തണം. ഇത് അതിനുള്ള വേദിയല്ല എന്നു പറയണം,” സതീശന്‍ പറഞ്ഞു.
രാവിലെ നിശ്ചയിച്ചിരുന്ന യോഗം എന്തിനാണ് കളക്ടര്‍ വൈകുന്നേരത്തേക്ക് മാറ്റിയതെന്ന് ചോദിച്ച സതീശന്‍ ഇത് ദിവ്യയെ പങ്കെടുപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലേയെന്നും കൂട്ടിച്ചേര്‍ത്തു.
‘ഇവര്‍ ചെയ്തതിനേക്കാള്‍ ക്രൂരത വീണ്ടും പാര്‍ട്ടി ചെയ്തു. നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാനുള്ള അപകടകരമായ ശ്രമം നടത്തി. കൂടെ നിന്ന ഒരാളെ, ഒരു നേതാവിനെ രക്ഷിക്കാന്‍ വേണ്ടി വ്യാജരേഖ കെട്ടിച്ചമച്ചു’. പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ആളോടുപോലും നീതി കാണിക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു. വ്യാജരേഖ കെട്ടിച്ചമയ്ക്കാന്‍ വേണ്ടി കൂട്ടുനിന്ന ആളുകളെ കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related Articles

Back to top button