BREAKINGKERALA

നവീന്‍ ബാബുവിന്റെ മരണം: ദിവ്യക്കെതിരെ ചുമത്തിയത് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108, 10 വര്‍ഷം വരെ തടവ് ലഭിക്കാം

കണ്ണൂര്‍: കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാടാകെ നടുങ്ങിയ ഒരു മരണം നടന്ന് മൂന്ന് നാള്‍ പിന്നിടുകയും ജനരോഷം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് നിര്‍ണായക നീക്കങ്ങളിലേക്ക് കടന്നത്.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ അസ്വഭാവിക മരണത്തിന് കേസ് എടുത്തിരുന്ന പൊലീസ് ആദ്യഘട്ടത്തില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. നിലവില്‍ ദിവ്യയെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുളളതെങ്കിലും കൂടുതല്‍ പേര്‍ പ്രതികളാകാനും സാധ്യതയുമുണ്ട്. ദിവ്യയ്ക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിനുമെതിരെ നവീന്റെ കുടുംബം പരാതിയും നല്‍കിയിരുന്നു. പ്രശാന്ത് അടക്കമുള്ളവര്‍ക്കെതിരെ കേസ് നീങ്ങുമെന്നാണ് വ്യക്തമാകുന്നത്. ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്ത സാഹചര്യത്തിലും ദിവ്യയെ അറസ്റ്റ് ചെയ്യുന്നതടക്കമുളള കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്.

Related Articles

Back to top button