BREAKINGKERALA
Trending

നവീന്‍ ബാബുവിന് വീഴ്ചയില്ല; കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. ഫയല്‍ നീക്കത്തിന്റെ നാള്‍വഴികള്‍ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. എന്‍ഒസിനല്‍കുന്നതില്‍ നവീന്‍ കാലതാമസം വരുത്തിയിട്ടില്ല.
വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായത്.സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.
കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ ചെങ്ങളായിയിലെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളിയായ പ്രശാന്താണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോള്‍ പമ്പിന് എന്‍ഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന് റോഡില്‍ വളവുണ്ടായിരുന്നതിനാല്‍ അതിന് അനുമതി നല്‍കുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാല്‍ സ്ഥലംമാറ്റമായി കണ്ണൂര്‍ വിടുന്നതിന് രണ്ട് ദിവസം മുന്‍പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നല്‍കിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയില്‍ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യംചെയ്യും. നവീനിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത കൂടുതല്‍ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനാണ് നിലവില്‍ സംഘത്തിന്റെ തീരുമാനം.
അതേസമയം, പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button