BREAKINGKERALA

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവത്തില്‍ കേസെടുക്കില്ല; ‘മോഷ്ടിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല’

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവത്തില്‍ പ്രതികരണവുമായി അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ക്ക് മോഷ്ടിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങള്‍ നിലത്തു വീണതായും മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോള്‍, നിലത്തിരുന്ന പാത്രത്തില്‍ വച്ചാണ് നല്‍കിയതെന്നും ഓസ്‌ട്രേലിയന്‍ പൗരന്‍ ഗണേഷ് ജാ പൊലീസിനോട് പറഞ്ഞു. പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാല്‍ പാത്രം കൊണ്ടു പോയെന്നും ഗണേഷ് ജാ മൊഴി നല്‍കി.
ക്ഷേത്ര ജീവനക്കാര്‍ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും രാമേശ്വരത്ത് ദര്‍ശനത്തിനായി പണം വാങ്ങി കബളിപ്പിക്കപ്പെട്ടുവെന്നും ഗണേഷ് ജാ പറഞ്ഞു. അതേസമയം, കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ മോഷണത്തിന് കേസെടുക്കില്ലെന്നാണ് വിവരം. 13 ന് നടന്ന മോഷണം,15 നാണ് ക്ഷേത്രം അധികൃതര്‍ പൊലീസിനെ അറിയിച്ചത്. സിസിടിവി പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്. താമസിച്ച ഹോട്ടലില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്.
അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥരേയും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചാണ് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹരിയാനയില്‍ നിന്നും പ്രതികളെ പിടികൂടുന്നത്. അതേസമയം അതീവ സുരക്ഷയുള്ള മേഖലിയില്‍ നിന്നും മോഷണം പോയത് പൊലീസിന് വലിയ നാണക്കേടും ഞെട്ടലുമുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.

Related Articles

Back to top button