BREAKINGKERALA
Trending

പരസ്യ പ്രസ്താവനകള്‍ പരിശോധിക്കും, പ്രസിഡന്റ് സ്ഥാനം കേന്ദ്രനേതൃത്വം തീരുമാനിക്കും- കെ സുരേന്ദ്രന്‍

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭ സുരേന്ദ്രന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോല്‍വിയുടെ ഉത്തരവാദിത്ത്വം താന്‍ ഏറ്റെടുക്കുന്നു. എല്ലാ തിരഞ്ഞെടുപ്പിലും വിജയത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലും തോല്‍വിയുടെ ഉത്തരവാദിത്ത്വം പാര്‍ട്ടി പ്രസിഡന്റിലേക്കുമാണ് നീളുകയെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ സ്ഥാനം രാജി വെക്കുന്നത് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജിസന്നദ്ധത അറിയിച്ചതിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.
എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി പാലിക്കേണ്ട കാര്യങ്ങള്‍ നോക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. അത്തരത്തിലാണ് കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തത്. പാര്‍ലമെന്ററി ബോര്‍ഡിന്റെ വിശദമായ പരിശോധനയിലാണ് നിര്‍ണയിക്കുക. അവസാന നിമിഷം വരെ കൃഷ്ണകുമാര്‍ തന്നെ നിര്‍ത്തരുതെന്ന് പറഞ്ഞിരുന്നു. 3000 വോട്ടില്‍ നിന്ന് 5000 വോട്ടുകള്‍ മലമ്പുഴയിലെ ചെങ്കോട്ടയില്‍ നിന്ന് നേടിയ വ്യക്തിയാണ് കൃഷ്ണകുമാറെന്ന് മറക്കരുത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ ഇല്ല മറ്റ് പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കുമ്മനം രാജശേഖരനായിരുന്നു പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രധാന ചുമതലയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവനകളെല്ലാം പരിശോധിക്കും. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാണ്. ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെങ്കില്‍ ഓഡിറ്റിങ്ങിന് വിധേയനായിരിക്കും. പാലക്കാട് നിയമസഭ, കണ്ണാടി, മാത്തൂര്‍, പിരായിരി എന്നീ പഞ്ചായത്തുകളിലും വോട്ട് കുറഞ്ഞിരുന്നു, നഷ്ടപ്പെട്ട പിന്തുണ എത്ര ചെറുതാണെങ്കിലും തിരിച്ചു പിടിച്ചിരിക്കും. നഗരസഭാ അധ്യക്ഷയ്ക്ക് പറയാന്‍ അധികാരമുണ്ട് അവരുടെ അഭിപ്രായം പരിശോധിക്കും. പാര്‍ട്ടിയിലെ ഒരു പ്രമുഖ നേതാവും തന്നെ കടന്നാക്രമിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ചേലക്കരയിലും വയനാട്ടിലും മികച്ച ഭൂരിപക്ഷമുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് വോട്ടുബാങ്ക് നിലനിര്‍ത്തി. എന്നാല്‍ പുതിയ വോട്ടുകള്‍ ആകര്‍ഷിക്കാനായില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകള്‍ ഒരോ ഇഞ്ചും ശരിയായ വിശകലനം നടത്തും. എല്ലാ കാലത്തും ബിജെപി തോല്‍വികളെ വിശകലനം ചെയ്ത് മുന്നോട്ട് പോയിട്ടുണ്ട്. മാധ്യമങ്ങള്‍ യുഡിഎഫിന്റെ വോട്ട് കുറഞ്ഞതും എല്‍ഡിഎഫിന്റെ വോട്ട് കുറഞ്ഞതും ശ്രദ്ധിക്കുന്നില്ല. എല്ലാവരുടെ പാലക്കാട്ടെ ബിജെപി വോട്ടുകളാണ് ചര്‍ച്ച ചെയ്യുന്നത്- സുരേന്ദ്രന്‍ പറയുന്നു
കേരളത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും നിരോധിത തീവ്രവാദ സംഘടനകളെ ഉപയോഗിച്ചുവെന്നും മഹാരാഷ്ട്രയിലെ വിജയം കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button