മലപ്പുറം: അധ്യാപകര്‍ക്ക് ആശംസയര്‍പ്പിച്ച് സിപിഎം നേതാവ് കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കിലിട്ട പോസ്റ്റിന് വിമര്‍ശനവുമായി ഇടത് അണികള്‍. ‘രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ വിശുദ്ധിയുണ്ട് പണ്ഡിതനായ ഗുരുവിന്റെ മഷിക്ക്’ എന്ന കെടി ജലീലിന്റെ പ്രയോഗം രക്തസാക്ഷികളെ അപമാനിക്കുന്നതും വിലകുറച്ച് കാണുന്നതുമാണെന്നുമാണ് വിമര്‍ശനം. അധ്യാപകരുടെ വിശുദ്ധി പറയാന്‍ രക്തസാക്ഷികളുടെ രക്തത്തിന്റെ വിശുദ്ധി താഴ്ത്തിക്കേട്ടേണ്ടെന്നാണ് ഇടത് അണികളുടെ വിമര്‍ശനം.
‘മഹാത്മാ ഗാന്ധി രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മഹാത്മാവ് ആണ് അവരുടെ രക്തത്തിന്റെ വിശുദ്ദിയും കുറഞ്ഞോ മഷിയുടെ മുന്‍പില്‍. വഴി മാറി നടക്കാന്‍ ആര്‍ക്കും അവകാശം ഉണ്ട് അതിനു ഒളിയമ്പുകള്‍ നല്ലതല്ലെന്നാണ് ഒരാളുടെ കമന്റ്. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ നല്‍കിയ രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പോസ്റ്റ് പാര്‍ട്ടിയെ അപകീര്‍ത്തി പെടുത്തി വ്യക്തിത്വത്തെ ഉയര്‍ത്തികാട്ടാനുള്ള ശ്രമമെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ അറിവു നേടുന്നതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരാലങ്കാരിക പ്രയോഗമാണതെന്നും വിജ്ഞാനത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താന്‍ മുഹമ്മദ് നബി പറഞ്ഞ ഒരു വചനമാണ് താന്‍ ഉദ്ധരിച്ചതെന്നും രക്തസാക്ഷികള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് പറഞ്ഞ അതേ മുഹമ്മദ് നബിയാണ് ഈ വചനവും പറഞ്ഞത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കണമെന്നുമാണ് വിമര്‍ശനത്തിന് ജലീലിന്റെ മറുപടി.
കെടി ജലീലിന്റെ പോസ്റ്റ്
ഗുരുവര്യന്‍മാരെ, അനുഗ്രഹിച്ചാലും, ഗുരുവര്യന്‍മാര്‍ നമ്മുടെ വഴികാട്ടികളാണ്. ഒരു ദുരനുഭവവും എനിക്കെന്റെ അദ്ധ്യാപകരില്‍ നിന്ന് ഉണ്ടായിട്ടില്ല. എപ്പോഴും അവര്‍ നോക്കിയത് എന്റെ ഹൃദയത്തിലേക്കാണ്. അതുകൊണ്ടുതന്നെ അവരെനിക്ക് പറഞ്ഞുതന്നതും ചൊല്ലിത്തന്നതും ഹൃദയഭിത്തിയില്‍ ഞാന്‍ കൊത്തിവെച്ചു. അദ്ധ്യാപകരുടെ ഇഷ്ടവിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ ഇടം നേടാന്‍ കിട്ടിയ അവസരം മഹാഭാഗ്യമായാണ് അന്നും ഇന്നും കരുതുന്നത്.
അദ്ധ്യാപകവൃത്തിയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയത് എന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍മാരിലൂടെയാണ്. ചെറുപ്പത്തില്‍ വികൃതികള്‍ കാണിച്ചതിന്റെ പേരില്‍ അടി കിട്ടിയിട്ടുണ്ട്. ഹോംവര്‍ക്ക് തെറ്റിച്ചതിന്റെ പേരില്‍ അദ്ധ്യാപകര്‍ വഴക്ക് പറഞ്ഞിട്ടുണ്ട്. പക്ഷെ ആ ശിക്ഷകളിലെല്ലാം സ്‌നേഹത്തിന്റെ ഒരു തലോടല്‍ ഉണ്ടായിരുന്നു. പ്രാര്‍ത്ഥനയുടെ സംഗീതം തുടിച്ചു നിന്നിരുന്നു. സാരോപദേശത്തിന്റെ മര്‍മ്മരം അലയടിച്ചിരുന്നു. എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്ക് ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍, അശംസകള്‍.