നിലമ്പൂര്‍: സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നു എംഎല്‍എ പിവി അന്‍വര്‍. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞത്. പൊതുപ്രശ്നങ്ങളുമായി ആളുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്നും അന്‍വര്‍ വിശദീകരിച്ചു.
മുഖ്യമന്ത്രിയോട് എന്തും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടും അന്‍വര്‍ പ്രതികരിച്ചു. സ്വാതന്ത്ര്യമുണ്ടെന്നു പാര്‍ട്ടി ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷെ അതു നടക്കാറില്ല. എംവി ഗോവിന്ദനു അങ്ങനെ മാത്രമേ പറയാന്‍ സാധിക്കു. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെ കാലത്തും അത് പ്രാവര്‍ത്തികമായിരുന്നെന്നും അന്‍വര്‍ പ്രതികരിച്ചു.വടകരയില്‍ കെ.കെ. ശൈലജയ്ക്ക് വോട്ട് കിട്ടാതിരുന്നതു പാര്‍ട്ടി സഖാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ടാണ്. എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. മനുഷ്യന്റെ ഭാഷയിലാണു സംസാരിക്കുന്നത്. പക്ഷേ ഒരു പ്രശ്നമുണ്ടായാല്‍ സാധാരണക്കാരായ പ്രവര്‍ത്തകരോട് വിളിച്ചുചോദിക്കണം. ഏഴാംകൂലിയായ അന്‍വര്‍ നടത്തിയ അന്വേഷണം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല.
ഇവനാരിത് ഇതൊക്കെ പറയാന്‍, സംഘടനയുമായി ബന്ധമില്ലാത്തവന് എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാര്‍ട്ടി കാണുന്നത്. എന്നെ ചവിട്ടി പുറത്താക്കിയതുകൊണ്ട് ഞാന്‍ പുറത്തുപോകില്ല. ഞാന്‍ കാവല്‍ക്കാരനായി റോഡില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി നില്ക്കും. ഞാന്‍ നിര്‍ത്തില്ല പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവര്‍ എനിക്കൊപ്പം നില്ക്കും.
78 Less than a minute