പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണം കടത്തുകാര്‍ക്ക് തന്നെ തിരിച്ചുകിട്ടാന്‍ എസ് പി സുജിത്ത് ദാസും മറ്റ് പൊലീസുകാരും പ്രയോഗിച്ചത് കാഞ്ഞബുദ്ധിയെന്ന് കസ്റ്റംസ്. സ്വര്‍ണം കടത്തിയ നൂറിലേറെ പേര്‍ക്ക് ഒരു നഷ്ടവും കൂടാതെ സ്വര്‍ണം തിരിച്ചുകിട്ടാന്‍ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുവഴികളിലൂടെ സുജിത്ത് ദാസ് സഞ്ചരിച്ചുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. തട്ടിപ്പ് സ്വര്‍ണം സുജിത്ത് ദാസും കൂട്ടരും ഉരുക്കിയാണ് കോടതിയിലെത്തിക്കുന്നത്. ഇത് പ്രതികളെ ഈസിയായി കോടതിയില്‍ നിന്ന് ഊരിപ്പോരാന്‍ സഹായിക്കുന്നു. തട്ടിപ്പ് സ്വര്‍ണം നിരവധി തട്ടിപ്പുകാര്‍ക്കുതന്നെ ഇങ്ങനെ തിരികെ കിട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടം കോടിക്കണക്കിന് രൂപയുടേതാണ്
സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിക്കാന്‍ സുജിത്ത് ദാസും കൂട്ടരും ലംഘിച്ചത് കസ്റ്റംസിന്റെ ഗൗരവമേറിയ നിരവധി ചട്ടങ്ങളാണെന്നാണ് അന്വേഷണത്തിലൂടെ ബോധ്യപ്പെടുന്നത്. കസ്റ്റംസ് നിയമപ്രകാരം പൊലീസിന് ലഭിക്കുന്ന വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണം എന്നുള്ളതാണ് ചട്ടം. ഈ ചട്ടം പലപ്പോഴായി പൊലീസ് ലംഘിച്ചപ്പോള്‍ എസ്പിയെ തന്നെ നേരിട്ട് അറിയിച്ചിട്ടും പൊലീസ് തുടര്‍ന്നും നിയമവിരുദ്ധമായി സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിച്ചു എന്നുള്ള ഗുരുതരമായ കാര്യമാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.