കോതമംഗലം: തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ട നായകനായ സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ ട്രാക്ക് ചെയ്തതായി സൂചന. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ആനയെ ട്രാക്ക് ചെയ്തത്. സിനിമാ ചിത്രീകരണത്തിനിടെ കോതമംഗലം ഭൂതത്താന്‍ കെട്ടില്‍ വച്ചാണ് തടത്താവിള മണികണ്ഠന്‍ എന്ന ആനയുടെ ആക്രമണത്തെ തുടര്‍ന്ന് പുതുപ്പളി സാധു കാടുകയറിയത്. തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് ആനയെ തിരഞ്ഞ് കാട്ടിലേക്ക് പോയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആര്‍ആര്‍ടി സംഘവും പാപ്പാന്‍മാരും നാട്ടുകാരും സംഘത്തില്‍ ഉണ്ട്.
ഇന്നലെ വൈകിട്ടു നാലു മണിയോടെ ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയില്‍ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ മണികണ്ഠന്‍ പിന്നില്‍ നിന്നു കുത്തിയതോടെയാണു സംഭവവികാസങ്ങളുടെ തുടക്കം. മണികണ്ഠനും കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാല്‍, സാധു ഭൂതത്താന്‍കെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കല്‍ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടുകയായിരുന്നു. നിലവില്‍ നിബിഡ വനത്തിലേക്ക് സാധു ഉണ്ടെന്നാണ് വിവരം. ബഹളത്തിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ക്കു ഇന്നലെ പരുക്കേല്‍ക്കുകയും ക്യമാറ അടക്കമുള്ള സാമഗ്രികള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.
80 Less than a minute