BREAKINGKERALA

പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിതരണം പ്രചാരണായുധമാക്കാന്‍ 3 മുന്നണികളും; സര്‍ക്കാര്‍ അലംഭാവമെന്ന് കോണ്‍ഗ്രസും ബിജെപിയും

വയനാട്: പുഴുവരിച്ച ഭക്ഷ്യക്കിറ്റ് വിഷയം വയനാട്ടില്‍ പ്രചാരണായുധമാക്കാനൊരുങ്ങി മൂന്ന് മുന്നണികളും. പുനരധിവാസത്തിനൊപ്പം, ദുരന്ത ബാധിതരോടുള്ള കരുതലിലും സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു എന്നാണ് കോണ്‍ഗ്രസ് – ബിജെപി ആരോപണം. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ ദുരന്ത ബാധിതര്‍ക്ക് വിതരണം ചെയ്തത് എന്നാണ് സിപിഎം ആക്ഷേപം. പഞ്ചായത്ത്, ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവച്ചെന്നും സിപിഎം ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും മുണ്ടക്കൈക്കാരെ വഞ്ചിക്കുന്നു എന്നാണ് ബിജെപി വാദിക്കുന്നത്. പഴകിയ വസ്തുക്കള്‍ കിറ്റുകളില്‍ എത്തിയത് എങ്ങനെ എന്ന് അന്വേഷിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടുണ്ട്.
മേപ്പാടി കുന്നംമ്പറ്റയിലെ 5 കുടുംബങ്ങള്‍ക്ക് കിട്ടിയ കിറ്റിലാണ് പുഴുക്കള്‍ കണ്ടെത്തിയത്. പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലെ അരി ,ആട്ട, റവ തുടങ്ങിയ പലതും കട്ട പിടിച്ചും പുഴുവരിച്ച നിലയിലുമായിരുന്നു. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ പഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. പഞ്ചായത്തിലെ മേശയും ബെഞ്ചും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ എടുത്തെറിഞ്ഞു. ഭക്ഷ്യ കിറ്റ് ലഭിച്ചത് റവന്യൂ സന്നദ്ധ സംഘടനകളില്‍ നിന്നെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. എന്നാല്‍, ചില കിറ്റുകളില്‍ മാത്രം പുഴു വന്നത് ഗൂഢാലോചന ആണെന്ന് യുഡിഎഫും ആരോപിക്കുന്നു.

Related Articles

Back to top button