BREAKINGKERALA

പൂരം കലക്കിയത് തന്നെയെന്ന് കെ രാജന്‍: ‘കലങ്ങിയെന്ന വാക്കാണ് പ്രശ്‌നമെങ്കില്‍ പുതിയ വാക്ക് കണ്ടെത്തിയാല്‍ മതി’

തിരുവനന്തപുരം: പൂരം കലങ്ങിയില്ലെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയെ പരസ്യമായി തള്ളി റവന്യുമന്ത്രി കെ രാജന്‍. പൂരം കലക്കിയത് തന്നെയാണെന്നും കലങ്ങിയെന്ന വാക്കാണ് പ്രശ്‌നമെങ്കില്‍ പുതിയ വാക്ക് കണ്ടെത്തിയാല്‍ മതിയെന്നും രാജന്‍ വിമര്‍ശിച്ചു. നിയമസഭയ്ക്കകത്തും പുറത്തും പറയാന്‍ ഉള്ളതെല്ലാം പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് സിപിഐ. പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നോ എന്നതിനെ ചൊല്ലി ബിജെപിയിലും ഭിന്നതയുണ്ട്.
കലങ്ങിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി അനാവശ്യമായി വിവാദത്തിന് തുടക്കമിട്ടെന്നാണ് സിപിഐ കരുതുന്നത്. ത്രിതല അന്വേഷത്തോടെ കലക്കലില്‍ കൂടുതല്‍ നടപടി പ്രതീക്ഷിച്ച സിപിഐയെ അമ്പരിപ്പിച്ചുകൊണ്ടായിരുന്നു പിണറായിയുടെ നിസ്സാരവല്‍ക്കരിക്കല്‍. ഇടത് മുന്നണി നേതൃത്വത്തെ പ്രതിഷേധം അറിയിക്കണമെന്ന അഭിപ്രായമടക്കം സിപിഐയില്‍ ഉയരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് കാലമായത് കൊണ്ടാണ് കൂടുതല്‍ കടുപ്പിക്കാത്തത്. പക്ഷെ പാര്‍ട്ടി നിലപാട് പരസ്യമാക്കി പോകാനാണ് തീരുമാനം. അത് കൊണ്ടാണ് കാബിനറ്റിലെ സഹപ്രവര്‍ത്തകനായ മന്ത്രി മുഖ്യമന്ത്രിയെ തള്ളി കലക്കിയതെന്ന് തന്നെ പറയുന്നത്. കലക്കാന്‍ ശ്രമമാണ് ഉണ്ടായതെന്ന പിണറായിയുടെ വാദം ഏറ്റുപിടിച്ച് സിപിഐയെ സിപിഎം തിരുത്തുന്നു.
സുരേന്ദ്രന്റെ പേര് പറഞ്ഞ് ആംബുലന്‍സില്‍ വന്നില്ലെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ബിജെപിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആംബലുന്‍സിലാണ് സുരേഷ് ഗോപി എത്തിയതെന്ന ബിജെപി നേതാക്കളുടെ മുന്‍നിലപാടാണ് സുരേഷ് ഗോപി മായക്കാഴ്ചയെന്ന് പറഞ്ഞ് തള്ളുന്നത്. സുരേഷ് ഗോപിയുടെ നടപടിയില്‍ അതൃപ്തിയുണ്ടെങ്കിലും കെ സുരേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചില്ല. സുരേഷ് ഗോപി ഇന്ന് മാധ്യമങ്ങളോട് രോഷം പ്രകടിപ്പിച്ച് ഒഴിഞ്ഞുമാറി. എല്‍ഡിഎഫിലും ബിജെപിയിലും ഭിന്നത നിലനില്‍ക്കെ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്.

Related Articles

Back to top button