കോട്ടയം സിജെഎം കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ അസഭ്യം വിളിച്ച് പ്രതിഷേധിച്ച അഭിഭാഷകര്‍ക്കെതിരെ വടിയെടുത്ത് ഹൈക്കോടതി. കേസിലെ കോടതിയലക്ഷ്യ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചെങ്കിലും അഭിഭാഷകര്‍ സാമൂഹിക സേവനം ചെയ്യണം. ഹൈക്കോടതി സ്വമേധയാ എടുത്ത ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ പ്രതികളായ 29ല്‍, 28 അഭിഭാഷകരുടെയും മാപ്പപേക്ഷ കണക്കിലെടുത്താണ് നടപടി തീര്‍പ്പാക്കിയത്.
എന്നാല്‍ അഭിഭാഷകരുടെ പെരുമാറ്റം കണക്കിലെടുത്താല്‍ മാപ്പ് അപേക്ഷയില്‍ തീരില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. 28 അഭിഭാഷകര്‍ക്കും ആറുമാസം സാമൂഹിക സേവനം വിധിച്ചു. കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാവപ്പെട്ടവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്ന പരിപാടിയില്‍ സഹകരിക്കാനാണ് നിര്‍ദേശം. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എ.പ്രസാദ് അടക്കം മുതിര്‍ന്ന അഭിഭാഷകരാണ് മാപ്പപേക്ഷിച്ച് നടപടിയില്‍ നിന്നൊഴിവായത്.
ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, സി പ്രതീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. മാപ്പപേക്ഷ നല്‍കാന്‍ കൂട്ടാക്കാത്ത ഒന്നാം പ്രതി അഡ്വക്കറ്റ് സോജന്‍ പവിയാനോസ് വിചാരണ നേരിടേണ്ടിവരും. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നുമാണ് സോജന്‍ പവിയാനോസിന്റെ നിലപാട്.
2023 നവംബറിലാണ് വിവാദസംഭവം. വ്യാജരേഖ ചമച്ചു എന്നാരോപിച്ച് അഭിഭാഷകന്‍ എം.പി. നവാബിനെതിരെ നടപടിയെടുത്തതായിരുന്നു അഭിഭാഷകരുടെ പ്രകോപനത്തിനു കാരണം. കോട്ടയം ഈസ്റ്റ് പൊലീസ് എം.പി. നവാബിനെതിരെ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്തതിനായിരുന്നു അഭിഭാഷകരുടെ അസഭ്യ പ്രതിഷേധം. വനിതാ മജിസ്‌ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളുമാണ് അഭിഭാഷകര്‍ കോട്ടയം കോടതി കോംപ്ലക്‌സില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ‘പോ പുല്ലേ, പോടീ പുല്ലേ… പോടീ പുല്ലേ സിജെഎമ്മേ…’, ‘ആളിക്കത്തിപ്പടരും തീയില്‍ സിജെഎം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം.
കോടതി സമുച്ചയത്തില്‍ അഭിഭാഷകര്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ഹൈക്കോടതി പരിശോധിച്ചിരുന്നു. മജിസ്‌ട്രേറ്റിനെതിരെ വിളിച്ച മുദ്രാവാക്യങ്ങള്‍ അത്യന്തം അധിക്ഷേപകരവും നീതിന്യായ വ്യവസ്ഥയുടെ വിലയിടിക്കുന്നതും ആണെന്ന് വിലയിരുത്തിയാണ് 29 പേര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് നടപടി തുടങ്ങിയത്. മോശം പരാമര്‍ശം നടത്തിയതില്‍ ബാര്‍ അസോസിയേഷനിലും ഭിന്നാഭിപ്രായം ഉണ്ടായിരുന്നു.
2013ല്‍ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന മണര്‍കാട് സ്വദേശി രമേശനു ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ നവാബ് വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണു കേസ്. ഭൂമിയുടെ കരമടച്ച രസീത് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമെന്നു തെളിഞ്ഞതോടെ ആയിരുന്നു നടപടി.എന്നാല്‍ പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകര്‍ കോടതി നടപടികള്‍ 8 മിനിറ്റോളം തടസപ്പെടുത്തിയതായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദൈനംദിന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു.