മലപ്പുറം : മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അന്‍വര്‍ എംഎല്‍എ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവര്‍ത്തിക്കുക. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെന്‍സസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടും.
വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്‌കൂളുകളിലെ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.
വന്യമൃഗശല്യത്തില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തണം. മനുഷ്യ മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം- അന്‍വര്‍ ആവശ്യപ്പെട്ടു.
84 Less than a minute