സമീപകാലത്തായി ചൈന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുറഞ്ഞുവരുന്ന ജനനനിരക്കാണ്. ചൈനയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വാര്‍ധക്യത്തിലേക്ക് എത്തിയെന്നും അതേസമയം ജനന നിരക്കില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് ചൈന ഗവണ്‍മെന്റ് ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്. ആ പദ്ധതികളുടെ ഭാഗമായി ഇപ്പോള്‍ ആശുപത്രികളില്‍ പ്രസവസമയത്ത് വേദന കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതുവരെ ഈ മരുന്നുകള്‍ക്ക് ചൈനയില്‍ വലിയ വിലയായിരുന്നു ഈടാക്കിയിരുന്നത്. പ്രസവസമയത്ത് ഈ മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക പ്രയാസമാണ് കുടുംബങ്ങളില്‍ സൃഷ്ടിച്ചുരുന്നത്.
എന്നാല്‍, ജനനനിരക്കിലുണ്ടായിരിക്കുന്ന കുറവ് പരിഹരിക്കാനായി പ്രദേശിക സര്‍ക്കാര്‍ ഇപ്പോള്‍ വേദനാസംഹാരികളുടെ വിലയില്‍ വലിയ കുറവ് വരുത്തിയിരിക്കുന്നു. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തുള്ള ദ്വീപ് പ്രവിശ്യയായ ഹൈനാന്‍, ഗവണ്‍മെന്റാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രസവ സമയത്തെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിന്റെ ഭാഗമായി വേദനാ സംഹാരികള്‍ അടക്കമുള്ള മരുന്നുകള്‍ക്ക് സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനന സൗഹൃദ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവിശ്യയില്‍ നവംബര്‍ 20 ന് ഈ പദ്ധതി പ്രഖ്യാപിച്ചത്. പ്രസവസമയത്ത് മാതാപിതാക്കള്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്ലിയി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രസവം, ശിശുപരിപാലനം, വിദ്യാഭ്യാസം എന്നിവയുടെ ചെലവുകള്‍ കുറയ്ക്കുകയും അതുവഴി കൂടുതല്‍ ആളുകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്ന സാമൂഹികാവസ്ഥ സൃഷ്ടിക്കണമെന്നുമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. 2022 -ല്‍ നടത്തിയ ഒരു പഠനത്തില്‍ ചൈനയിലെ സ്ത്രീകളില്‍ മൂന്നില്‍ ഒന്നില്‍ താഴെ ആളുകള്‍ മാത്രമാണ് സ്വാഭാവിക പ്രസവ സമയത്ത് വേദന ലഘൂകരിക്കുന്നതിനുള്ള മരുന്നുകള്‍ ഉപയോഗിച്ചിട്ടുള്ളൂവെന്ന് കണ്ടെത്തിയിരുന്നു. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 1949 -ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനനനിരക്ക് റിപ്പോര്‍ട്ട് ചെയ്തത് 2023 -ലാണ്. 1,000 ആളുകള്‍ക്ക് 6.39 ആയി ജനന നിരക്ക് കുറഞ്ഞിരുന്നു. കൂടാതെ നവജാത ശിശുക്കളുടെ എണ്ണം 9.02 ദശലക്ഷമായി കുറയുകയും ചെയ്തിട്ടുണ്ട്.
60 1 minute read