കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു.
എന്നാല്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വാദം. അന്വേഷണവുമായി മുന്നോട്ട് പോവാന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കും. .
സ്ത്രീപീഡന സംഭവങ്ങളില്‍ പരാതിനല്‍കാന്‍ വൈകുന്നതിന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കേരളം കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റര്‍ചെയ്തത് 21 വര്‍ഷത്തിനുശേഷമാണെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുകയുണ്ടായി. ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലില്‍ 2016 ജനുവരി 28-ന് സിദ്ദിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. സിദ്ദിഖിന് അറസ്റ്റില്‍നിന്ന് ഇടക്കാലസംരക്ഷണം നല്‍കിയ സുപ്രീംകോടതി, ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്.
എഴുത്തുകാരിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ സംഭവം നടന്നത് 1996-ലാണെങ്കില്‍ പരാതിനല്‍കിയത് 2017-ലാണ്. അമേരിക്കന്‍ സിനിമാനിര്‍മാതാവായ ഹാര്‍വി വെയിന്‍സ്റ്റെയിനെതിരേ 30 വര്‍ഷത്തോളം പഴക്കമുള്ള സംഭവങ്ങളിലാണ് ഒട്ടേറെ സ്ത്രീകള്‍ 2018-ല്‍ പീഡനപരാതി നല്‍കിയത്. ഇത്തരം ഉദാഹരണങ്ങള്‍ കേരളത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. കുടുംബത്തിന്റെ സത്പേര് കളങ്കപ്പെടുമെന്നതുള്‍പ്പെടെ വിവിധകാരണങ്ങള്‍കൊണ്ടാണ് ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീപീഡനക്കേസുകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ വൈകുന്നത്. പരാതിനല്‍കാന്‍ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
58 1 minute read