BREAKINGNATIONAL
Trending

ബുള്‍ഡോസര്‍ നീതി വേണ്ട; പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തുന്ന നടപടി തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവരുടെ വസ്തുവകകള്‍ ഇടിച്ചുനിരത്തുന്നത് തടഞ്ഞ് സുപ്രീംകോടതി. ഒക്ടോബര്‍ ഒന്ന് വരെ രാജ്യത്തെവിടെയും ഇത്തരത്തില്‍ പൊളിക്കല്‍ നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ ഇനി ഇടിച്ചുനിരത്തല്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കി.
നേരത്തേ ക്രിമിനല്‍ കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ക്രിമിനല്‍ കേസില്‍പ്പെട്ട ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കും എന്ന മുന്‍സിപ്പല്‍ അധികൃതരുടെ ഭീഷണിക്കെതിരായ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഒരു വീട് തകര്‍ത്ത് കുടുംബത്തിനെ മുഴുവന്‍ എങ്ങനെ ശിക്ഷിക്കാനാകും എന്ന് സുപ്രീം കോടതി ആരാഞ്ഞു. ബുള്‍ഡോസര്‍ നീതി നിയമത്തെ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നത്തിന് തുല്യമാണെന്നും നിയമം പരമോന്നതമായ രാജ്യത്ത് ഇത്തരം നിയമ വിരുദ്ധ ഭീഷണികള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ക്രിമിനല്‍ക്കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന നടപടി ആദ്യം ആരംഭിച്ചത്. ബുള്‍ഡോസര്‍ നീതി എന്ന് അറിയപ്പെടുന്ന ഈ നടപടി ഗുജറാത്ത്, അസം, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും പിന്തുടര്‍ന്നു.

Related Articles

Back to top button