BREAKINGKERALA

‘ബെയിലി പാലത്തിനുള്ള സാമഗ്രികള്‍ ഉച്ചയോടെ എത്തും’; രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി

കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിര്‍മാണത്തിനുളള സാമഗ്രികള്‍ ബെംഗളൂരുവില്‍ നിന്ന് ഉച്ചയോടെ എത്തും. പാലം നിര്‍മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. 151 പേരുടെ ജീവനെടുത്ത വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെയാണ് ഒലിച്ചു പോയിരിക്കുന്നത്. ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കുന്ന, ഭയപ്പെടുത്തുന്ന ആകാശദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ രാത്രി 2 മണിയോടെയാണ് വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായത്. മണ്ണിനടിയില്‍പെട്ടവര്‍ക്കായി ഉറ്റവര്‍ ആധിയോടെ തെരയുന്ന കാഴ്ചകളാണ് ചുറ്റിലും.
ദുരന്തം ഏറ്റവും അധികം ബാധിച്ച ചൂരല്‍മലയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 4 സംഘങ്ങളായി 150 സൈനികരാണ് ചൂരല്‍മലയില്‍ രക്ഷാദൗത്യത്തിന് എത്തിയിരിക്കുന്നത്. ഇവിടെ കുറച്ചധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനാണ് ആദ്യപരിഗണന എന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന് പിന്തുണയുമായി സന്നദ്ധപ്രവര്‍ത്തകരുമുണ്ട്. ദുരന്തഭൂമിയില്‍ ചില വളര്‍ത്തുമൃഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്കായി വളര്‍ത്തുനായ്ക്കള്‍ മണ്ണിനിടയിലൂടെ തെരഞ്ഞു നടക്കുന് കാഴ്ച ആരുടെയും കണ്ണുനിറയ്ക്കും.

Related Articles

Back to top button