മുഖം തുണികൊണ്ട് മറയ്ക്കാതെ ക്യാമറയ്ക്ക് മുന്നില്‍ തെറ്റുകാരിയെന്ന പോല്‍ പകച്ചുനില്‍ക്കാതെ നിറം മങ്ങിയ ഉടുപ്പുകളിട്ട് ഉന്മേഷം വറ്റിയ മുഖത്തോടെയല്ല ഫ്രാന്‍സിലെ കോടതിയിലേക്ക് എന്നും ജിസേല എന്ന 72 പോകാറ്. വെല്‍ഡ്രസ്ഡായി, തല ഉയര്‍ത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെയാണ് അവര്‍ കോടതിയിലെത്തുന്നത്. ഒരു പതിറ്റാണ്ടോളം കാലത്തിനിടെ തന്റെ ഭര്‍ത്താവിന്റെ 80ലേറെ സുഹൃത്തുക്കളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട ജിസേലെ പെലികോട്ട് എന്ന അതിജീവിത ഒരു ഫെമിനിസ്റ്റ് ഐക്കണായി മാറിയതിന് പിന്നില്‍ ഇതുമാത്രമല്ല കാരണം. തന്റെ പേരും മുഖവും മറക്കേണ്ടെന്നും രഹസ്യ വിചാരണ വേണ്ടെന്നും നാണിക്കേണ്ടവര്‍ ആ 80 പേരല്ലേയെന്നുമുള്ള നിലപാടാണ് ലോകശ്രദ്ധ തന്നെ ആകര്‍ഷിക്കുന്നത്. ചതിയുടേയും ക്രൂരതയുടേയും അപമാനത്തിന്റേയും ശാരീരിക ബുദ്ധിമുട്ടുകളുടേയും ഇരുണ്ട തടവറയില്‍ നിന്ന് പുറത്തുവന്ന ശേഷം ജിസേല അവരാണ് അപമാനിക്കപ്പെടുന്നത് കോടതിയില്‍, ഞാനല്ലെന്ന് പുനര്‍നിര്‍വചിക്കുന്ന കാഴ്ച ലോകത്തെ ഫെമിനിസ്റ്റ് പോരാട്ടങ്ങള്‍ക്കാകെ ഊര്‍ജം പകരുന്നതാണ്.
ജിസേലയ്ക്ക് പിന്തുണ അറിയിച്ച് നൂറുകണക്കിന് പേരാണ് ഫ്രാന്‍സിലെ തെരുവില്‍ റാലി നടത്തുന്നത്. ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ പാരിസ് അടക്കമുള്ള വിവിധ നഗരങ്ങളില്‍ 30 പ്രതിഷേധ സംഗമങ്ങളാണ് സംഘടിപ്പിച്ചത്. റേപ്പിസ്റ്റുകളേ നിങ്ങളെ ഞങ്ങള്‍ കാണുന്നുണ്ട്, അതിജീവിതകളേ… നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഫെമിനിസ്റ്റുകള്‍ ജിസേലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികള്‍ സംഘടിപ്പിച്ചത്.
മയക്കുമരുന്ന് നല്‍കി പതിറ്റാണ്ടുകളോളം താന്‍ പീഡിപ്പിക്കപ്പെട്ടെന്ന 72 കാരിയുടെ വെളിപ്പെടുത്തല്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കി തന്റെ 80ഓളം സുഹൃത്തുക്കള്‍ക്ക് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അവസരം ഒരുക്കിയതായി ജിസേലയുടെ ഭര്‍ത്താവ് 71 വയസുകാരനായ ഡൊമിനിക് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ജിസേലയെ ബലാത്സംഗം ചെയ്ത 50ലേറെ പേരുടെ വിചാരണ തുടരുകയാണ്. തന്റെ പേര് വെളിപ്പെടുത്തണമെന്നും തനിക്ക് രഹസ്യ വിചാരണയുടെ ആവശ്യമില്ലെന്നുമുള്ള ജിസേലയുടെ നിലപാടുകള്‍ ലോകമാകെ പ്രശംസിക്കപ്പെടുന്നുണ്ട്. ആരുടെ മാനമാണ് ഭംഗിക്കപ്പെടുന്നതെന്നും ഈ കേസ് നടക്കുമ്പോള്‍ ആരാണ് വിചാരണ ചെയ്യപ്പെടുന്നതെന്നും ആരാണ് നാണിച്ച് തലതാഴ്ത്തേണ്ടതെന്നും എല്ലാവരും മനസിലാക്കണമെന്നാണ് ജിസേലയുടെ നിലപാട്. ബലാത്സംഗത്തിന് ഇരയായ നിരവധി സ്ത്രീകളോടും കുട്ടികളോടും അതിക്രമം നേരിട്ട പുരുഷന്മാരോടും സംസാരിച്ച് അവര്‍ക്ക് ആശ്രയവുമാകുന്നുണ്ട് ഇപ്പോള്‍ ജിസേല.
26 വയസിനും 73 വയസിനുമിടയില്‍ പ്രായമുള്ള പുരുഷന്മാരാണ് ജിസേലയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തെക്കന്‍ ഫ്രാന്‍സിലെ അവിഗ്നോണിനടുത്തുള്ള മാസാന്‍ എന്ന ടൗണില്‍ താമസിച്ചിരുന്ന ജിസേലയുടേയും ഡൊമിനിക്കിന്റേയും അയല്‍ക്കാരായിരുന്നു പലരും. ഇവരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ജയില്‍ വാര്‍ഡുകളും രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. തുടര്‍ച്ചയായി മയക്കുമരുന്നുകള്‍ നല്‍കിയതിനാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങളും ഇവര്‍ക്കുണ്ടായിരുന്നു.
81 1 minute read