ഭാഗ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ചൈനയിലെ ഒരു മനുഷ്യന്‍ മോഷ്ടിച്ച് സ്വന്തമാക്കി ആരാധിച്ചത് 20 ബുദ്ധ പ്രതിമകളെ. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഷാവോക്സിംഗിലേക്ക് ജോലിക്കായി താമസം മാറിയെത്തിയ വാങ് എന്ന വ്യക്തിയാണ് ഭാഗ്യം തേടി മോഷണത്തിന് ഇറങ്ങിയത്. ഒരേസമയം കൂടുതല്‍ ബുദ്ധ പ്രതിമകളെ ആരാധിച്ചാല്‍ തനിക്ക് ഭാഗ്യം വരുമെന്ന് വിശ്വാസത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു പ്രവൃത്തി ഇയാള്‍ ചെയ്തത്
മോഷ്ടിച്ച പ്രതിമകളെ തന്റെ വീട്ടിലെ ഒരു ചെറിയ മുറിയില്‍ പ്രത്യേകം സജ്ജീകരിച്ച പീഠത്തില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ചെടുത്ത എല്ലാ പ്രതിമകള്‍ക്കും തന്റെ പ്രിയപ്പെട്ട നിറമായ ചുവപ്പ് പെയിന്റ് ഇയാള്‍ അടിച്ചിരുന്നു. കൂടാതെ സുഗന്ധദ്രവ്യങ്ങളും പഴങ്ങളും മധുര പലഹാരങ്ങളും ഒക്കെ ഉപയോഗിച്ച് ഈ പ്രതിമകള്‍ വെച്ചിരുന്ന മുറി ഇയാള്‍ അലങ്കരിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. തന്റെ ദൗര്‍ഭാഗ്യങ്ങള്‍ എല്ലാം താന്‍ സ്വന്തമാക്കിയ ബുദ്ധ പ്രതിമകളിലൂടെ മാറിപ്പോകുന്നതിനായിരുന്നു ഇയാള്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തതെന്നും പോലീസ് പറഞ്ഞു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അസുഖം, വാഹനാപകടങ്ങള്‍, ദാരിദ്ര്യം, ദാമ്പത്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം കര്‍മ്മത്തിന്റെ ഫലമാണെന്നാണ് ചൈനയിലെ ബുദ്ധമത അനുഭാവികളുടെ വിശ്വാസം. കൂടാതെ, ബുദ്ധ പ്രതിമകളെ ആരാധിക്കുന്നതിലൂടെ തങ്ങള്‍ അനുഭവിക്കേണ്ട വിപത്തുകള്‍ പ്രതിമകള്‍ ഏറ്റെടുത്തുകൊള്ളുമെന്നുമാണ് പലരും വിശ്വസിക്കുന്നത്. മാത്രമല്ല ഒരാള്‍ക്ക് എത്രത്തോളം ബുദ്ധ പ്രതിമകളെ സ്വന്തമാക്കി ആരാധിക്കാന്‍ സാധിക്കുമോ അത് അത്രത്തോളം ഗുണം ചെയ്യും എന്നും ഇവര്‍ വിശ്വസിക്കുന്നു.
കൂടാതെ വീടുകളില്‍ ബുദ്ധ പ്രതിമകള്‍ സ്ഥാപിക്കുന്നതിലും പ്രത്യേക ചിട്ടവട്ടങ്ങള്‍ ബുദ്ധമത വിശ്വാസികള്‍ക്കിടയില്‍ ഉണ്ട്. കിടപ്പുമുറികളിലോ അടുക്കളകളിലോ കുളിമുറിയിലോ പ്രതിമ സ്ഥാപിക്കാന്‍ പാടില്ല. ഒരു പ്രതിമയ്ക്ക് അനുയോജ്യമായ സ്ഥലം സ്വീകരണമുറിയിലെ അരക്കെട്ടിന് മുകളിലേക്കുള്ള ഉയര്‍ന്ന സ്ഥലമാണെന്നാണ് വിശ്വാസമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
67 1 minute read