BREAKINGNATIONAL
Trending

മണിപ്പൂര്‍ സംഘര്‍ഷം തുടരുന്നു: അസമിലെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി; 2 എംഎല്‍എമാരുടെ വീടുകള്‍ക്ക് കൂടി തീയിട്ടു

ദില്ലി: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. രണ്ട് എംഎല്‍എമാരുടെ വീടുകള്‍ക്ക് കൂടി ഇന്നലെ വൈകിട്ട് തീയിട്ടു. അസമില്‍ നദിയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് മണിപ്പൂരില്‍ നിന്നുള്ളവരുടേതാണെന്ന് കരുതുന്നു. മണിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ഇന്നുച്ചയ്ക്ക് 12 മണിക്ക് യോഗം ചേരും. അതേസമയം മുഖ്യമന്ത്രി ബിരേന്‍ സിങിനെ മാറ്റണമെന്ന ആവശ്യം മണിപ്പൂരില്‍ ബിജെപിക്ക് അകത്തും ശക്തമാവുകയാണ്.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബിരേന്‍ സിംഗ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍പിപി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാറിന് സംസ്ഥാനത്ത് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമായെന്നും അതുകൊണ്ടാണ് പിന്തുണ പിന്‍വലിച്ചതെന്നുമാണ് എന്‍പിപി പറഞ്ഞത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതര അവസ്ഥയിലേക്ക് പോവുകയാണെന്നും എന്‍പിപി നേതാവ് യുംനാം ജോയ്കുമാര്‍ വിമര്‍ശിച്ചു. കുകി സായുധ സംഘങ്ങള്‍ക്കെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ് മെയ്‌തെയ് സംഘടനകള്‍ അന്ത്യശാസനം നല്‍കിയത്. നടപടി തൃപ്തികരമല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.
രണ്ട് ദിവസത്തിനിടെ മണിപ്പൂരില്‍ 13 എംഎല്‍എമാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടും രണ്ട് എംഎല്‍എമാരുടെ വീടുകള്‍ കത്തിച്ചു. മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. മണിപ്പൂരിലെ സ്ഥിതിയുടെ ഗൗരവം ബ്രസീല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ധരിപ്പിച്ചു.

Related Articles

Back to top button