NEWSBREAKINGNATIONAL

മണിപ്പൂര്‍ സംഘര്‍ഷഭരിതം; വീണ്ടും കര്‍ഫ്യൂ; മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്‌വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രി മന്ദിരങ്ങള്‍ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ സ്വകാര്യ വസതിയ്ക്ക് നേരെയും കല്ലേറുണ്ടായതാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇംഫാല്‍ വെസ്റ്റ് ഇംഫാല്‍ ഈസ്റ്റ് വിഷ്ണുപ്പൂര്‍, തൗബാല്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിരിബാമില്‍ മെയ്തെയ് വിഭാഗത്തില്‍പ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് മണിപ്പൂരില്‍ പ്രതിഷേധം ശക്തമായത്. സംസ്ഥാനത്ത് ആക്രമണം ശക്തമായ സാഹചര്യത്തില്‍ അഫസ്പ നിയമം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പട്ടതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ആറ് പൊലീസ് സ്റ്റേഷനുകളില്‍ അഫസ്പ വീണ്ടും പ്രാബല്യത്തില്‍ വന്നിരുന്നു. മെയ്‌തെയ് ആധിപത്യമുള്ള മേഖലയിലാണ് ഇതില്‍ അഞ്ചും. അഫസ്പ വീണ്ടും പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജനസമ്മര്‍ദ്ദവും പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനവും ശക്തമായതോടെയാണ് നിയമം പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

Related Articles

Back to top button