ആലപ്പുഴ: മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു.പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാൻ നിർണായകമായത്. പാലായിൽ സമാനമായ രീതിയിൽ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകൾ രാത്രിയായതിനാൽ മുഖം കണ്ടിരുന്നില്ല. കുറുവാ സംഘത്തിൽ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
പിടിയിലായ സന്തോഷിൻ്റെ പേരിൽ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്റ്റേഷനുകളിലായി നാല് കേസുകളുണ്ടെന്നും തമിഴ്നാട്ടിൽ നിന്നാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. മൂന്ന് മാസം ജയിലിൽ കിടന്നതാണ്. കഴിഞ്ഞ 3 മാസമായി പാല സ്റ്റേഷനിൽ എത്തി ഒപ്പിട്ടുകൊണ്ടിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു.