BREAKINGKERALA
Trending

മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; പറഞ്ഞത് കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തിനെപ്പറ്റി

തൃശൂര്‍: ചേലക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയില്‍ സ്വര്‍ണ്ണക്കടത്ത് കേസുകള്‍ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മലപ്പുറം ജില്ലയില്‍ വച്ച് ഇത്രയും സ്വര്‍ണം പിടികൂടി എന്ന് പറയുമ്പോള്‍ അത് മലപ്പുറം ജില്ലയ്ക്ക് എതിരായല്ല പറയുന്നത്. മലപ്പുറം ജില്ലയിലാണ് കരിപ്പൂര്‍ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞതും. വിമാനത്താവളത്തെ പറ്റി പറയുന്നത് മലപ്പുറത്തെ വിമര്‍ശിക്കലല്ല. കണക്കുകള്‍ പറയുമ്പോള്‍ എന്തിനാണ് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി വേദിയില്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളം വഴി വലിയതോതില്‍ സ്വര്‍ണ്ണം, ഹവാല പണം എല്ലാം എത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.സ്വാഭാവികമായും ഇത് തടയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് തടയുമ്പോള്‍ എന്തിനാണ് വല്ലാതെ വേവലാതിപ്പെടുന്നത്? മലപ്പുറത്തെ തെറ്റായി ചിത്രീകരിക്കാന്‍ എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത് സംഘപരിവാര്‍ ആയിരുന്നു.അന്ന് ആ പ്രചരണത്തോടൊപ്പം കോണ്‍ഗ്രസും നിന്നിരുന്നു.
അന്നത്തെ മലബാറിലെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ഇഎംഎസ് നേതൃത്വം കൊടുത്ത സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരച്ചത്. ജില്ല രൂപീകരിച്ചപ്പോള്‍ സംഘപരിവാറും കോണ്‍ഗ്രസും പൂര്‍ണമായും അതിനെ എതിര്‍ത്തു.’ഒരു കൊച്ച് പാകിസ്താന്‍’ എന്ന് വിളിച്ചത് ആരായിരുന്നുവെന്ന് ഓര്‍മയില്ലേ? മലപ്പുറത്തെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചുകൊണ്ട് പ്രചരണങ്ങള്‍ ഈ വാദഗതിക്കാര്‍ക്ക് കരുത്ത് പകരുകയാണ്. മലപ്പുറം ജില്ലയില്‍ ഏതു കുറ്റകൃത്യം ഉണ്ടായാലും അത് മറ്റു ജില്ലയില്‍ ഉണ്ടാകുന്നത് പോലെയാണ്. അത് ഒരു സമുദായത്തിന്റെ കുറ്റകൃത്യമല്ല. അങ്ങനെ ഒരു സമുദായത്തിനെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള നിലപാട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നത് വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കാനാണ്. ഈ പ്രചാരണവും വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്നതാണെന്നും കുറ്റകൃത്യങ്ങള്‍ സമുദായത്തിന്റെ പിടലിക്ക് വയ്ക്കരുത്.
മലപ്പുറം ജില്ലാ രൂപീകരണം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button