NEWSBREAKINGENTERTAINMENTMALAYALAM

മലയാളി സംവിധായകൻ കഴുത്തില്‍ സ്പര്‍ശിക്കാന്‍ നോക്കിയപ്പോള്‍ ഇറങ്ങിയോടി; ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍

മലയാള സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തനിക്ക് സംവിധായകനില്‍ നിന്നുണ്ടായ നടുക്കുന്ന മോശം അനുഭവം  പങ്കുവച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാനെത്തിയ തന്നോട് സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നും തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും ശ്രീലേഖ പറഞ്ഞു. എതിര്‍ത്ത് മുറിയില്‍ നിന്ന് ഇറങ്ങിപ്പോയ തനിക്ക് തിരികെ പോകാനുള്ള പണം പോലും സിനിമയുടെ നിര്‍മാതാക്കളില്‍ നിന്ന് ലഭിച്ചില്ലെന്നും പിന്നീട് മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയ്ക്കുള്ളില്‍ നടക്കുന്ന തൊഴില്‍, ലൈംഗിക ചൂഷണങ്ങളുടെ കാണാപ്പുറങ്ങള്‍ തേടുന്ന ട്വന്റിഫോറിന്റെ പ്രത്യേക ലൈവത്തോണിലായിരുന്നു ബംഗാളി നടിയുടെ പ്രതികരണം.

ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ മുതലായ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവമുണ്ടായതെന്ന് നടി വിവരിക്കുന്നു. നിര്‍മാതാവ് ഉള്‍പ്പെടെ വരുന്നു പരസ്പരം എല്ലാവരെയും പരിചയപ്പെടുത്താനാണ് വിളിച്ചത്. പെട്ടെന്ന് സംവിധായകന്‍ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേക്ക് വന്നു. ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. അത്തരം വളകള്‍ കണ്ട കൗതുകമാണെന്നാണ് കരുതിയത്. അത് തികച്ചും നിഷ്‌കളങ്കമായ പ്രവൃത്തിയെന്ന ആനുകൂല്യം അയാള്‍ക്ക് നല്‍കാം എന്ന് കരുതി. എന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ എന്റെ മുടിയിഴകളില്‍ തലോടാന്‍ തുടങ്ങി. എന്റെ കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി. ടാക്‌സി പിടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. ആ രാത്രി വല്ലാതെ ഭയപ്പെട്ടാണ് കേരളത്തില്‍ കഴിച്ചുകൂട്ടിയതെന്ന് നടി പറഞ്ഞു.

Related Articles

Back to top button