തിരുവനന്തപുരം : ഹൈസ്‌കൂളില്‍ പാസാവാന്‍ ഓരോവിഷയത്തിലും മിനിമംമാര്‍ക്ക് വേണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കേ, എട്ട്, ഒന്‍പത് ക്ലാസുകളില്‍ സേ പരീക്ഷയും വരുന്നു. എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കുന്ന മാര്‍ഗരേഖയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
പൊതുപരീക്ഷ പത്താംക്ലാസിലായതിനാല്‍ എട്ട്, ഒന്‍പത് ക്ലാസുകളില്‍ പാസാക്കിവിടുന്നതാണ് നിലവിലെ രീതി. ഗുണനിലവാരം ഉറപ്പാക്കാന്‍ ഓരോവിഷയത്തിലും എഴുത്തുപരീക്ഷയില്‍ മിനിമംമാര്‍ക്ക് വേണമെന്നാണ് ഈ വര്‍ഷംമുതലുള്ള നിബന്ധന. ഇത്തവണ എട്ടാംക്ലാസ് മുതല്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കുട്ടികളുടെ പഠനനിലവാരം വിലയിരുത്താന്‍ വര്‍ഷം മൂന്നുഘട്ടത്തിലുള്ള വിലയിരുത്തലുമുണ്ടാവും. പാദവാര്‍ഷിക പരീക്ഷയ്ക്കുശേഷമായിരിക്കും ആദ്യത്തെ വിലയിരുത്തല്‍. കുട്ടി ഏതുവിഷയത്തിലാണ് പിന്നിലെന്നു മനസ്സിലാക്കി പഠന പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടല്‍ സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടാവും. അര്‍ധവാര്‍ഷിക പരീക്ഷയുടെ സമയത്തും വിലയിരുത്തലുണ്ടാവും. വാര്‍ഷിക പരീക്ഷയ്ക്കുശേഷം കുട്ടിയെ സമഗ്രമായി വിലയിരുത്തി പഠനപിന്തുണ ഉറപ്പാക്കാന്‍ ബ്രിഡ്ജ് കോഴ്സ് നല്‍കും. ഒന്നോ രണ്ടോ വിഷയങ്ങളിലാണ് പരാജയപ്പെട്ടതെങ്കില്‍ സേ പരീക്ഷയ്ക്ക് അവസരമൊരുക്കും.
പഠനപിന്തുണ നല്‍കാനുള്ള ചുമതല സ്‌കൂള്‍ റിസോഴ്സ് ഗ്രൂപ്പുകള്‍ക്കായിരിക്കും (എസ്.ആര്‍.ജി.). ഗണിതത്തിലും ഭാഷാവിഷയങ്ങളിലും ഊന്നല്‍നല്‍കിയുള്ള പ്രവര്‍ത്തനങ്ങളുമുണ്ടാവും.
67 Less than a minute