BREAKINGENTERTAINMENTKERALA

മുന്‍കൂര്‍ ജാമ്യം: സിദ്ദിഖിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി; മുകേഷിന്റെ വിധി അഞ്ചിന്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേസ് 13ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്തും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, നടിയുടെ ലൈംഗികാതിക്രമ ആരോപണക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ അഞ്ചാം തീയതി വിധി പറയും. നടന്‍ ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇതേദിവസം തീര്‍പ്പാക്കും. അതുവരെ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.
കേസില്‍ കഴമ്പില്ലെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍, മുകേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. ഇവര്‍ക്കൊപ്പം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ നടന്‍ മണിയന്‍പിള്ളവിന്റെ ഹര്‍ജി കോടതി തീര്‍പ്പാക്കി. മണിയന്‍പിള്ള രാജുവിനെതിരേ ജാമ്യം കിട്ടാവുന്ന വകുപ്പുകളേ ചുമത്തിയിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

Related Articles

Back to top button