അര്‍ബുദത്തെ അതിജീവിച്ചതിനേക്കുറിച്ച് നിരന്തരം തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ബോളിവുഡ് നടി മനീഷ കൊയ്രാള. അണ്ഡാശയ അര്‍ബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും ചികിത്സാ കാലത്തെ അനുഭവങ്ങളുമൊക്കെ മനീഷ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം താന്‍ മരണം മുന്നില്‍ കാണുകയായിരുന്നുവെന്ന് പറയുകയാണ് മനീഷ.
സ്‌ക്രീനില്‍ കരുത്തമായ നിരവധി കഥാപാത്രങ്ങള്‍ പകര്‍ന്നാടിയിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഒരു തിരിച്ചടിയുണ്ടായപ്പോള്‍ താന്‍ പതറിപ്പോയെന്ന് പറയുകയാണ് മനീഷ. എ.എന്‍.ഐ.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനീഷ വീണ്ടും കാന്‍സര്‍ പോരാട്ടത്തേക്കുറിച്ച് മനസ്സുതുറന്നിരിക്കുന്നത്.
2012-ലാണ് തനിക്ക് അര്‍ബുദം സ്ഥിരീകരിച്ചതെന്ന് പറഞ്ഞ മനീഷ അണ്ഡാശയ അര്‍ബുദത്തിന്റെ അവസാന ഘട്ടമാണ് അതെന്ന് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും പറയുന്നു. നേപ്പാളില്‍ വച്ചാണ് രോ?ഗം സ്ഥിരീകരിക്കുന്നത്. എല്ലാവരേയുംപോലെ വളരെയധികം ഭയം തോന്നി. ജസ്ലോക് ആശുപത്രിയിലാണ് പോയത്. ഡോക്ടര്‍മാര്‍ വന്ന്, അവരോട് സംസാരിച്ചപ്പോഴും താന്‍ മരിക്കാന്‍ പോവുകയാണെന്ന തോന്നലാണുണ്ടായത്. തന്റെ അവസാനമായി എന്നായിരുന്നു തോന്നിയതെന്നും മനീഷ പറയുന്നു.
അക്കാലമെല്ലാം തന്റെ കുടുംബം നല്‍കിയ പിന്തുണയാണ് കരുത്തായതെന്നും മനീഷ് പറയുന്നുണ്ട്. ന്യൂയോര്‍ക്കില്‍ പോയി ചികിത്സ തേടാന്‍ പ്രേരിപ്പിച്ചതും കുടുംബമാണ്. ന്യൂയോര്‍ക്കില്‍ പോയി ചികിത്സിച്ച് ഭേദമാക്കിയ ചില പ്രശസ്തരെ അന്നറിയാമായിരുന്നു. തുടര്‍ന്നാണ് അഞ്ചാറുമാസക്കാലം ന്യൂയോര്‍ക്കില്‍ നിന്ന് ചികിത്സിക്കാന്‍ തീരുമാനിച്ചതെന്നും മനീഷ പറഞ്ഞു.
കീമോതെറാപ്പി കാലത്തെല്ലാം തനിക്ക് പ്രതീക്ഷ പാടേ നഷ്ടപ്പെട്ട് തകര്‍ന്നടിയുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. മുന്നില്‍ ഇരുട്ടും വേദനയും ഭയവും നിറഞ്ഞുനില്‍ക്കുന്ന അവസ്ഥയുണ്ടായി. കാന്‍സറിനെ അതിജീവിച്ചതാണ് കരിയറില്‍ വീണ്ടും ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായകമായതെന്നും മനീഷ പറയുന്നുണ്ട്.
ജീവിതത്തില്‍ രണ്ടാമതൊരു അവസരം ലഭിക്കുകയാണെങ്കില്‍ മുന്‍കാലങ്ങളില്‍ ചെയ്ത ചിത്രങ്ങളില്‍ മാറ്റംവരുത്തുമായിരുന്നുവെന്നും മനീഷ പറഞ്ഞു. രണ്ടാമതൊരു അവസരം ലഭിച്ചാല്‍ ആ തെറ്റുകള്‍ തിരുത്തുകയാവും ചെയ്യുക. മോശം സിനിമകള്‍ ചെയ്ത് നിരവധി ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു അവസരം നല്‍കിയാല്‍ നല്ല ചിത്രങ്ങള്‍ മാത്രമേ ചെയ്യൂവെന്നും ആരാധകരെ നിരാശയിലാഴ്ത്തില്ലെന്നും ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ട്.
സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹീരാമണ്ഡി എന്ന സീരീസിലാണ് മനീഷ ഒടുവിലായി വേഷമിട്ടത്. ചിത്രത്തിലെ മനീഷയുടെ പ്രകടനം ആരാധകരുടെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
അണ്ഡാശയ അര്‍ബുദം സ്ഥിരീകരിച്ചതും അമ്മയാകാന്‍ കഴിയാതിരുന്നതും തന്നെ വിഷമിപ്പിച്ചിരുന്നുവെന്ന് അടുത്തിടെ മറ്റൊരഭിമുഖത്തില്‍ മനീഷ പറഞ്ഞിരുന്നു. പക്ഷേ, താനതില്‍ സമാധാനം കണ്ടെത്തി. കഴിഞ്ഞതെല്ലാം കഴിഞ്ഞതാണെന്നു ചിന്തിച്ച് ഇന്ന് ഉള്ളതുവച്ച് നന്നായി ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മനീഷ പറഞ്ഞിരുന്നു.
അര്‍ബുദം സ്ഥിരീകരിച്ചതിനുപിന്നാലെ ജീവിക്കുന്ന നിമിഷത്തിനപ്പുറം സ്വപ്നം കാണാന്‍ തനിക്ക് ഭയമായിരുന്നുവെന്നും മനീഷ നേരത്തേ പറഞ്ഞിട്ടുണ്ട്. മരിക്കാന്‍ പോവുകയാണെന്നാണ് കരുതിയത്. അടുത്ത പത്തു വര്‍ഷമോ അഞ്ചു വര്‍ഷമോ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാന്‍ പോലും ഭയമായിരുന്നു. ഇപ്പോഴും ഭയമാണ്. അര്‍ബുദം തന്നെ അത്രത്തോളം സ്വാധീനിച്ചു. വധശിക്ഷയ്ക്ക് സമാനമായാണ് അനുഭവപ്പെട്ടത്. ദൈവാനു?ഗ്രഹത്താല്‍ എല്ലാം ശരിയായെന്നും ഇപ്പോള്‍ ആരോഗ്യപരമായ കാര്യങ്ങള്‍ നിസ്സാരമാക്കി വിടാറില്ലെന്നും മനീഷ പറഞ്ഞിരുന്നു.
2012-ലാണ് അണ്ഡാശയ അര്‍ബുദമെന്ന വില്ലന്‍ നടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ടുള്ള ചികിത്സയും അതിജീവനവുമൊക്കെ മനീഷ ആരാധകരുമായി നിരന്തരം പങ്കുവെച്ചിരുന്നു. അര്‍ബുദത്തെ ജയിച്ച മനീഷ ഈ രോഗത്തെ ഒരു ശാപമായല്ലാതെ, മറിച്ച് തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ ‘സമ്മാനം’ എന്നാണ് മുമ്പ് പറഞ്ഞിട്ടുള്ളത്.
തളര്‍ന്നു പോകുമായിരുന്ന ഘട്ടത്തില്‍നിന്ന്, പൊരുതി ജയിക്കാനുള്ള വാശിയോടെ അര്‍ബുദം തന്നെ പഠിപ്പിച്ച പാഠങ്ങള്‍ മനീഷ ‘ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗെവ് മി എ ന്യൂ ലൈഫ്’ എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു.
മുംബൈയിലും നേപ്പാളിലും അമേരിക്കയിലുമായി ചികിത്സയില്‍ക്കഴിഞ്ഞിരുന്ന മനീഷ, പടിപടിയായി തന്റെ മനസ്സും ശരീരവും സുഖപ്പെടുത്തുകയായിരുന്നു
87 1 minute read