BREAKINGKERALA

മുന്‍മാനേജര്‍ വെട്ടിച്ചത് 42 അക്കൗണ്ടിലെ സ്വര്‍ണം; ദക്ഷിണേന്ത്യയില്‍ പലയിടത്ത് വിറ്റിരിക്കാമെന്ന് പോലീസ്

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ സ്വകാര്യ ധനകാര്യസ്ഥാപനം പണയംവെച്ച 78 അക്കൗണ്ടുകളിലെ സ്വര്‍ണത്തില്‍നിന്നാണ് മുന്‍മാനേജര്‍ മധാ ജയകുമാര്‍ വെട്ടിപ്പുനടത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യമുള്ളത്.
‘ചാത്തംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്സ്’ എന്ന സ്ഥാപനം നേരത്തേ 250 അക്കൗണ്ടുകളിലായി ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകരശാഖയില്‍ സ്വര്‍ണം പണയംവെച്ചിരുന്നു. ജൂണ്‍ പകുതിയോടെ ഇത് 78 അക്കൗണ്ടിലേക്ക് മാറ്റിവെച്ചെന്നും ഇതിലെ 42 അക്കൗണ്ടിലുണ്ടായിരുന്ന 26.24 കിലോഗ്രാം സ്വര്‍ണം മധാ ജയകുമാര്‍ എടുത്ത് പകരം മുക്കുപണ്ടംവെച്ച് കുറ്റകരമായ വിശ്വാസവഞ്ചന കാണിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കസ്റ്റഡി അപേക്ഷ പരിഗണിച്ച മജിസ്ട്രേറ്റ് എ.എം. ഷീജ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതുപോലെ ആറുദിവസത്തേക്ക് മധാ ജയകുമാറിനെ കസ്റ്റഡിയില്‍വിട്ടു.
തട്ടിയെടുത്ത സ്വര്‍ണം ദക്ഷിണേന്ത്യയിലെ വിവിധഭാഗങ്ങളില്‍ വില്‍പ്പനനടത്താന്‍ സാധ്യതയുള്ളതിനാല്‍ ദക്ഷിണേന്ത്യ മുഴുവന്‍ സഞ്ചരിച്ച് ഇവ കണ്ടെത്തേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കണം. രേഖകള്‍ ബന്തവസിലെടുക്കുകയും ശാസ്ത്രീയമായി പരിശോധിക്കുകയും വേണം. ഈ സാഹചര്യത്തില്‍ ആറുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പ്രോസിക്യൂഷനുവേണ്ടി എ.പി.പി. പ്രമോദ് വാദിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ മുഹമ്മദ് ഷിഹാസ് ഇതിനെ എതിര്‍ത്തെങ്കിലും മജിസ്ട്രേറ്റ് ആറുദിവസത്തേക്കുതന്നെ കസ്റ്റഡി അനുവദിച്ചു. 27-ന് വൈകീട്ട് അഞ്ചുമണിക്കുമുമ്പ് തിരികെ ഹാജരാക്കണം.
കസ്റ്റഡിയില്‍ കിട്ടിയ ഇയാളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്തുതുടങ്ങി. സ്വര്‍ണം എവിടെയെന്ന നിര്‍ണായക വിവരമാണ് ഇനി അന്വേഷണസംഘത്തിനു കിട്ടേണ്ടത്. ഇത്രയും സ്വര്‍ണം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. ആറുദിവസംകൊണ്ട് ഇത് സാധിക്കുമോ എന്നതും സംശയമാണ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജി. ബാലചന്ദ്രനും കോടതിയില്‍ ഹാജരായി.

Related Articles

Back to top button