ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം അക്രമങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ശബ്ദമായി കണ്ടുനില്‍ക്കുകയാണ്. ബി.ജെ.പി എത്ര ശ്രമിച്ചാലും ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
ബീഫ് കൈവശംവെച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ താനെയില്‍ 72-കാരനെ ചില യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഹരിയാണയിലും ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട യുവാവിനെതിരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായി. ഈ രണ്ട് സംഭവങ്ങളുടേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ കുറിപ്പ്.
‘വിദ്വേഷം ആയുധമാക്കി അധികാരത്തിലേറിയവര്‍ രാജ്യത്തുടനീളം ഭീതിയുടെ വാഴ്ച നടത്തുകയാണ്. ആള്‍ക്കൂട്ടത്തിന്റെ മറവില്‍ മറഞ്ഞിരിക്കുന്ന ഇത്തരം വിദ്വേഷസംഘങ്ങള്‍ നിയമവാഴ്ചയെ വെല്ലുവിളിച്ച് അക്രമങ്ങള്‍ നടത്തുന്നു. ബി.ജെ.പി. സര്‍ക്കാര്‍ നല്‍കുന്ന സ്വാതന്ത്ര്യമാണ് അവരുടെ ധൈര്യം.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ തുടരുന്നു. ഇത്തരം അരാജകശക്തികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച് നിയമവാഴ്ച നടപ്പാക്കണം. ഇന്ത്യയുടെ സാമുദായിക ഐക്യത്തിനും ജനങ്ങളുടെ അവകാശങ്ങള്‍ക്കുമെതിരായ ആക്രമണവും ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്. ഇത് ഒരു രീതിയിലും അംഗീകരിക്കാനാകാത്തതാണ്’, രാഹുല്‍ എക്‌സില്‍ കുറിച്ചു.
74 Less than a minute