BREAKINGKERALA

മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്‌തെന്ന് പരാതി

കൊല്ലം ചിതറയില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്‌തെന്ന് പരാതി. ചിതറ സ്വദേശി അരുണാണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസില്‍ പരാതി നല്‍കി.
ചിതറ പെരുവണ്ണാമൂലയിലെ ബന്ധുവീട്ടിലാണ് 29 വയസുകാരനായ അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് അരുണ്‍ വായ്പ എടുത്തിരുന്നു. 60,000 രൂപയുടെ ലോണാണ് എടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അരുണ്‍ അസുഖ ബാധിതനായതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഇതോടെ മൈക്രാഫിനാന്‍സുകാര്‍ ഭീഷണി തുടങ്ങിയെന്നാണ് കുടുംബത്തിന്റെ പരാതി.
ഇതിന്റെ മനോവിഷമത്തിലാണ് അരുണ്‍ ജീവനൊടുക്കിയതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ ചിതറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ആത്മഹത്യയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Related Articles

Back to top button