ഹൂസ്റ്റണ്‍: അമേരിക്കയില്‍ നേപ്പാളി യുവതിയുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. 21-കാരിയായ നഴ്‌സിങ് വിദ്യാര്‍ഥി മുന പാണ്ഡെയെ വെടിവെച്ചു കൊന്ന കേസില്‍ ബോബി സിങ് ഷാ (51) ആണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ഹൂസ്റ്റണ്‍ കമ്യൂണിറ്റി കോളേജിലെ വിദ്യാര്‍ഥിയായിരുന്നു മുന പാണ്ഡെ.
യുവതി താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റില്‍ ഓഗസ്റ്റ് 24-നായിരുന്നു സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ഇയാള്‍ അപാര്‍ട്ട്‌മെന്റിലേക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
രാത്രി 8.30-ഓടെയാണ് ഷാ മുന പാണ്ഡെയുടെ അപ്പാര്‍ട്‌മെന്റിലെത്തിയത്. വാതില്‍ തുറക്കാന്‍ ഇയാള്‍ ആവശ്യപ്പെടുന്നതും നിങ്ങള്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് യുവതി തിരിച്ചു ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മണിക്കൂറിന് ശേഷം ഇയാള്‍ യുവതിയുടെ പേഴ്‌സുമായി അപാര്‍ട്‌മെന്റില്‍നിന്ന് ഇറങ്ങിപ്പോകുന്നതും കാണാം. തലയില്‍ ഒരുതവണയും ശരീരത്തില്‍ പലവട്ടവും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടോ എന്നതില്‍ വ്യക്തതയില്ല.
അതേസമയം, ഷു?ഗര്‍ ഡാഡി എന്ന ഡേറ്റിങ് വെബ്‌സൈറ്റ് വഴിയാണ് ഇയാള്‍ യുവതിയെ ലക്ഷ്യമിട്ടത് എന്നാണ് പോലീസ് സംശയിക്കുന്നത്. 12 വര്‍ഷം മുമ്പ് ഷായെ ഇതേ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട ഒരു സ്ത്രീ, അപാര്‍ട്ട്‌മെന്റിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിലുള്ളത് ഇയാള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിക്ക് അക്രമിയെ പരിചയമുണ്ടെന്നും സംഭവശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നുമാണ് പോലീസ് കരുതുന്നത്.
75 1 minute read