സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുന്നുവെന്നാണ് സാന്ദ്രാ തോമസിന്റെ രൂക്ഷ വിമര്‍ശനം. ആരോപണങ്ങളുയര്‍ന്നിട്ടും സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് അപലപനീയമാണെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി.
സാംസ്‌ക്കാരിക മന്ത്രിയുടെ സ്ത്രീവിരുദ്ധതയാണ് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നതെന്ന് സാന്ദ്രാ തോമസ് ആഞ്ഞടിച്ചു. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി രാജിവയ്ക്കണമെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.
പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കൂ എന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന നിരാശയുണ്ടാക്കിയെന്ന് ആഷിഖ് അബു പറഞ്ഞു. നല്ല ഉദ്ദേശത്തോടെ തുടങ്ങിയ ഒന്ന് സര്‍ക്കാരിനെതിരെ വലിയ കുഴിയായി രൂപപ്പെടാന്‍ ഇടയാക്കിയത് ആരെന്ന് കണ്ടെത്തണം. ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണോ അതെന്ന് അറിയില്ല. സര്‍ക്കാര്‍ ബുദ്ധിശൂന്യത കാണിക്കരുത്. സര്‍ക്കാര്‍ മുഴുവന്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും ആഷിഖ് അബു പറഞ്ഞു.