ഭുവനേശ്വര്‍: വീട്ടുകാരറിയാതെ കാണാനെത്തിയ കാമുകനെ ഇരുമ്പ് പെട്ടിക്കുള്ളില്‍ അടച്ച് കാമുകി. ഒഡിഷയിലാണ് സംഭവം. മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ വീട്ടുകാര്‍ യുവതിയുടെ മുറി പരിശോധിക്കുമ്പോഴാണ് ഇരുമ്പ് പെട്ടിയേക്കുറിച്ച് സംശയം തോന്നുന്നത്. തുറക്കാന്‍ ആവശ്യപ്പെട്ട് ആദ്യം വഴങ്ങാതിരുന്ന യുവതി സമ്മര്‍ദ്ദം താങ്ങാനാവാതെ ഇരുമ്പ് പെട്ടി തുറന്നപ്പോള്‍ കണ്ടത് യുവതിയുടെ കാമുകനെ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
പെട്ടി തുറക്കുന്ന വീഡിയോ എടുക്കുന്നതിന് വീട്ടുകാരോട് യുവതി ദേഷ്യപ്പെടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. യുവാവിനെ കൈകാര്യം ചെയ്യാന്‍ വീട്ടുകാര്‍ മുന്നോട്ട് വരുമ്പോള്‍ തടയുന്ന യുവതിയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങളിലുണ്ട്. തങ്ങള്‍ വിവാഹിതരാണെന്നാണ് യുവതി വീട്ടുകാരോട് പറയുന്നത്. ഒഡിയ ഭാഷയിലാണ് യുവതി സംസാരിക്കുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലത്തേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും വീഡിയോ എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കുഞ്ഞ് പെട്ടിക്കുള്ളില്‍ ഒളിച്ചിരിക്കേണ്ടി വന്ന യുവാവിന്റെ അവസ്ഥയും ഇന്നത്തെ കാലത്തെ കമിതാക്കളുടെ അവസ്ഥയും എന്നൊക്കെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍.