BREAKINGKERALA

‘രാജാവ് നഗ്നനാണ്, ഒറ്റികൊടുക്കുന്നവരോട് കടക്ക് പുറത്തെന്ന് പറയണം’; -രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ. നേതാവ്. കഴിഞ്ഞ തവണത്തെ തിരൂരങ്ങാടിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സിഡ്കോ മുന്‍ ചെയര്‍മാനും കിസാന്‍സഭ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ നിയാസ് പുളിക്കലകത്താണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. തന്നെ വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവരോട് ‘കടക്ക് പുറത്ത്’ എന്ന് പറയാനുള്ള ആര്‍ജ്ജവം നേതാക്കള്‍ക്കില്ലെങ്കിലും അണികള്‍ക്കുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജാവ് നഗ്‌നനാണ് എന്ന തലക്കെട്ടോടെയാണ് നിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
‘പാര്‍ട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കയ്യിലുള്ളപ്പോള്‍ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാന്‍ ഉള്ളത് എങ്ങിനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ജീര്‍ണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോ?’ -നിയാസ് കുറിച്ചു.
‘തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാന്‍ തന്നെ വളര്‍ത്തി വലുതാക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വിയര്‍പ്പിന്റെയും ചുട് ചോരയുടെയും മണമുള്ള പ്രസ്ഥാനത്തെ ഒറ്റി കൊടുക്കുന്നവര്‍ ആരുതന്നെയായാലും അവരോട് കടക്കു പുറത്ത് എന്ന് പറയാന്‍ ഉള്ള ആര്‍ജ്ജവം നേതാക്കള്‍ക്കില്ലെങ്കില്‍ തീര്‍ച്ചയായും അണികള്‍ക്കിടയില്‍ നിന്ന് ‘രാജാവ് നഗ്നനാണെന്ന് ‘ വിളിച്ചു പറയാന്‍ തന്റേടമുള്ള ഒരു തലമുറ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് ഉറപ്പാണ്.’ -നിയാസ് പുളിക്കലകത്ത് തുടര്‍ന്നു.
സ്വന്തം താത്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവര്‍ ഒറ്റു കൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ലെന്നും കേരളത്തിലെ മൂന്നുകോടിയിലധികം മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയെയും സ്വപ്നവുമാണ് എന്ന് മറക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഒരാളുടെ കാര്‍ട്ടൂണ്‍ ചിത്രവും നിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ഫെയ്‌സ്ബുക്ക് കുറിപ്പ് ചര്‍ച്ചയായതോടെ നിയാസ് പുളിക്കലകത്ത് പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു.
നിയാസ് പുളിക്കലകത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

*രാജാവ് നഗ്നനാണ്….,..*

പാര്‍ട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കയ്യിലുള്ളപ്പോള്‍ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാന്‍ ഉള്ളത് എങ്ങിനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ജീര്‍ണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോ.?
തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാന്‍ തന്നെ വളര്‍ത്തി വലുതാക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വിയര്‍പ്പിന്റെയും ചുട് ചോരയുടെയും മണമുള്ള പ്രസ്ഥാനത്തെ ഒറ്റി കൊടുക്കുന്നവര്‍ ആരുതന്നെയായാലും അവരോട് കടക്കു പുറത്ത് എന്ന് പറയാന്‍ ഉള്ള ആര്‍ജ്ജവം നേതാക്കള്‍ക്കില്ലെങ്കില്‍ തീര്‍ച്ചയായും അണികള്‍ക്കിടയില്‍ നിന്ന് ‘രാജാവ് നഗ്നനാണെന്ന് ‘ വിളിച്ചു പറയാന്‍ തന്റേടമുള്ള ഒരു തലമുറ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് ഉറപ്പാണ്.
സ്വന്തം താല്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവര്‍ ഒറ്റു കൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ല മൂന്നുകോടിയിലധികം വരുന്ന കൊച്ചു കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയെയും സ്വപ്നവുമാണ് എന്ന് മറക്കരുത്..

*നിയാസ് പുളിക്കലകത്ത്*

Related Articles

Back to top button