BREAKINGKERALA

‘റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് താത്പര്യക്കുറവുണ്ടായിരുന്നില്ല’; നടപടികള്‍ ഉണ്ടാകുമെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്ന് മന്ത്രി എം ബി രാജേഷ്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു താല്‍പര്യക്കുറവും ഉണ്ടായിരുന്നില്ല. പലരും മൊഴി നല്‍കിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നല്‍കിയത് കൊണ്ടാണ്. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ക്ലേവില്‍ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണ്. നിയമപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സര്‍ക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ല. രാഷ്ട്രീയ മുതലെടുപ്പിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ വിമര്‍ശനം ഉന്നയിച്ച നടി പാര്‍വതി തിരുവോത്തിന് മന്ത്രി സജി ചെറിയാന്‍ മറുപടി നല്‍കിയിരുന്നു. സിനിമ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ലെന്നും കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ക്ലേവെന്ന വിമര്‍ശനമാണ് പാര്‍വതി തിരുവോത്ത് നടത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. കോടതി ഒരു ഉത്തരവ് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാ വിവരങ്ങളും നല്‍കാന്‍ തയ്യാറാണ്. ധനകാര്യ മന്ത്രി ബാലഗോപാല്‍ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ അഭിപ്രായ വ്യത്യാസമില്ല. കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രമല്ല. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തുന്നുവെന്ന ആരോപണം തെറ്റിദ്ധാരണ മൂലമാണ്.
സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനുള്ള ദേശീയ കോണ്‍ക്ലേവ് ആണ് നടത്തുന്നത്. വിവിധ സംഘടനാ പ്രതിനിധികളാണ് പങ്കെടുക്കുക. കോണ്‍ക്ലേവുമായി മുന്നോട്ട് പോകും. വി ഡി സതീശന്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് മറയ്ക്കാന്‍ ഒന്നും ഇല്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. നിലവില്‍ കേസ് എടുക്കാന്‍ നിയമ പ്രശനം ഉണ്ട്. പരാതികള്‍ വന്നാല്‍ കേസ് എടുക്കാം. സിനിമ മേഖല ആകെ മോശം അല്ല. ലൊക്കേഷനിലെ ലഹരി ഉപയോഗം കുറയ്ക്കാന്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

Related Articles

Back to top button