BREAKINGNATIONAL

റെസ്റ്റോറന്റ് മെനുവിലെ 40-ാം നമ്പര്‍ പിസയ്ക്ക് ആവശ്യക്കാരേറെ; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് കൊക്കെയ്ന്‍

ഒരു റെസ്റ്റോറന്റിലെ ഒരു പിസയ്ക്ക് മാത്രം ആവശ്യക്കാരേറിയപ്പോള്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സംശയം. പിന്നാലെ നടന്ന അന്വേഷണത്തില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന സത്യം. ഡസ്സല്‍ഡോര്‍ഫിലെ റെസ്റ്റോറന്റില്‍ വിറ്റിരുന്ന ആ ബെസ്റ്റ് സെല്ലര്‍ പിസയില്‍ അസംസ്‌കൃതവസ്തുവായി ഉപയോഗിച്ചിരുന്നത് മയക്കുമരുന്നായ കൊക്കെയ്ന്‍. പിന്നാലെ പിസാ മാനേജര്‍ അറസ്റ്റിലായെങ്കിലും ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ വീണ്ടും മയക്കുമരുന്ന് വ്യാപാരം ആരംഭിച്ചെന്ന സൂചനയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വിപുലമായ ഒരു മയക്കുമരുന്ന് ശൃംഖല തന്നെ ജര്‍മ്മനിയില്‍ അറസ്റ്റിലായി.
റെസ്റ്റോറന്റിലെ മെനുവിലുണ്ടായിരുന്ന ‘നമ്പര്‍ 40’ പിസയ്ക്കാണ് അസാധാരണമായ വില്പനയുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ജര്‍മ്മന്‍ പോലീസിന് മുന്നറിയിപ്പ് നല്‍കിയതും പോലീസ് റെസ്റ്റോറന്റ് റെയ്ഡ് ചെയ്തതെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ‘മയക്ക് പിസ’യുടെ വില എത്രയെന്ന് പോലീസ് പുറത്ത് വിട്ടിട്ടില്ല. അതേസമയം ജര്‍മ്മനിയിലെ ശക്തമായ സ്വകാര്യതാ നിയമത്തെ തുടര്‍ന്ന് റെസ്റ്റോറന്റ് ഏതാണെന്നോ, എവിടെയാണെന്നോ, റസ്റ്റോറന്റ് ഉടമ ആരാണെന്നോ ഉള്ള ഒരു വിവരവും പോലീസ് പുറത്ത് വിട്ടില്ല.
36 -കാരനായ പിസ മാനേജറുടെ അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് എത്തിയപ്പോള്‍ ഇയാള്‍ ജനലിലൂടെ കൊക്കെയ്ന്‍ ബാഗ് പുറത്തേക്ക് വലിച്ചെറിയാന്‍ ശ്രമിച്ചു. എന്നാല്‍ ബാഗ് താഴെ കാത്ത് നിന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലാണ് വീണത്. ഇയാളുടെ അപ്പാര്‍മെന്റില്‍ നിന്നും ഒന്നര കിലോ കൊക്കെയ്ന്‍, 400 ഗ്രാം കഞ്ചാവ്, 2,90,378 ഡോളര്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാനേജരെ മോചിപ്പിച്ചെങ്കിലും ഇയാള്‍ വീണ്ടും മയക്കുമരുന്ന് വ്യാപാരം ആരംഭിച്ചതായി പോലീസിന് വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് മയക്കുമരുന്ന് വ്യാപാരത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന 22 കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 12 പേരുടെ വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ 350 ലധികം ചെടികളുള്ള രണ്ട് കഞ്ചാവ് തോട്ടങ്ങളും പണം, തോക്കുകള്‍, കത്തികള്‍, വില കൂടിയ വാച്ചുകള്‍ എന്നിവയും കണ്ടെത്തി. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button