BREAKINGKERALA

വടകരയിലെ 26 കിലോ സ്വര്‍ണതട്ടിപ്പ്; 4.5 കിലോ സ്വര്‍ണം കണ്ടെത്തി; പ്രതി തിരുപ്പൂരിലെ ബാങ്കില്‍ പണയം വെച്ചു

കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചില്‍ നിന്ന് മുന്‍ മാനേജര്‍ കവര്‍ന്ന 26 കിലോ സ്വര്‍ണത്തില്‍ നാലര കിലോ സ്വര്‍ണം കണ്ടെത്തി. തമിഴ്‌നാട് തിരുപൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കവര്‍ച്ചക്കേസ് പ്രതി മധ ജയകുമാര്‍ സ്വര്‍ണ്ണം ഇവിടെ പണയം വയ്ക്കുകയായിരുന്നു. ഡിബിഎസ് ബാങ്കില്‍ ജോലിചെയ്യുന്ന കാര്‍ത്തി എന്നയാളുമായി ചേര്‍ന്നാണ് പണയം വച്ചത്. കാര്‍ത്തിയുടെ സുഹൃത്താണ് പ്രതി മധ ജയകുമാര്‍. ഇനി 21.5 കിലോ സ്വര്‍ണ്ണം കൂടിയാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി മുന്‍ മാനേജര്‍ മധ ജയകുമാറിനെ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് തുടരുകയാണ്.
അതേ സമയം, ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണ മോഷണത്തിലെ പ്രതി മുന്‍ മാനേജര്‍ മധ ജയകുമാര്‍ പണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിനെന്ന് പൊലീസ് കണ്ടെത്തി. 26 കിലോ സ്വര്‍ണ്ണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേര്‍ന്നാണ് ഇയാള്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ മധ ജയകുമാറിന്റെ ഭാര്യയും പങ്കാളിയാണ്. ഇന്‍ഷുറന്‍സ് ജീവനക്കാരനെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സ്വര്‍ണ്ണം മോഷ്ടിച്ചു കടന്ന് കളഞ്ഞ മധ ജയകുമാറിനെ കഴിഞ്ഞ ദിവസം തെnങ്കാനയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് കൊയിലാണ്ടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനം ബാങ്കില്‍ പണയം വെച്ച 26 കിലോ സ്വര്‍ണ്ണമാണ് ബാങ്ക് മാനേജര്‍ കൂടിയായ പ്രതി കവര്‍ന്നത്. പ്രതി മധ ജയകുമാര്‍ പകരം വെച്ച 26 കിലോ വ്യാജ സ്വര്‍ണ്ണം പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി മധ ജയകുമാറിന് തമിഴ്‌നാട്ടില്‍ ഹോട്ടല്‍ കെട്ടിടമുണ്ടെന്ന് പൊലീസ് കണ്ടെത്തി.

Related Articles

Back to top button